ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം. മിന്നൽപ്രളയത്തിൽ നാല് പ്രദേശവാസികൾ മരിക്കുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്.
ദിബാങ് താഴ്‌വരയിലെ 5-ാം ഗ്രനേഡിയേഴ്‌സിന്റെ പസു പാനി ആർമി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമകേന്ദ്രങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോയി. പ്രളയത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ ഉടൻ രക്ഷപ്പെടുത്തി. കാണാതായ അഞ്ച് സൈനികർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഐടിബിപി, എസ്‌ഡിആർഎഫ്, പൊലീസ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അപ്പർ സുബൻസിരി ജില്ലയിലെ കേഓജറിംഗ്–ബയാചിംഗ് റോഡ് നിർമാണ മേഖലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിലാണ് നാല് സാധാരണക്കാർ മരിച്ചത്. താഡു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരിച്ചത്. ബാബുൽ അലിയുടെ മൃതദേഹം കണ്ടെടുത്തു. മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവർക്കായി നാച്ചോ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘവും ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗവും തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.



