ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബിവി ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയുമാണ് വിശദീകരണം നൽകിയത്.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയതാണ് പൂർണമായ ആലാപനത്തിന് കാരണമെന്നാണ് നേതൃത്വത്തെ അറിയിച്ചതെന്നാണ് സൂചന.
അതിനിടെ, വന്ദേമാതരം തടസപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ബിജെപിയിൽ ആലോചന ശക്തമായി. വിശ്വഹിന്ദു പരിഷത്തും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.
സോണിയ ഗാന്ധിയുടെ നടപടി രാജ്യത്തിന് നാണക്കേടാണെന്ന് വിഎച്ച്പി വക്താവ് സുരേന്ദ്ര ജെയ്ൻ പറഞ്ഞു. വന്ദേമാതരം പാടി തീരുന്നതുവരെ സോണിയ ഗാന്ധിക്ക് കാത്തിരിക്കാമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് ആദ്യമായാണ് വന്ദേമാതരം പൂർണമായി ആലപിച്ചത്. എന്നാൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ആലാപനം തുടർന്നതോടെ നേതാക്കൾ അസ്വസ്ഥരായെന്നാണ് റിപ്പോർട്ട്.
ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞിട്ടും ഗായകസംഘം പാട്ട് തുടരുകയായിരുന്നു. തുടർന്ന് രാഹുൽ ഗാന്ധി സോണിയ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും നോക്കുകയും ആലാപനം നിർത്താൻ നേതാക്കൾ ഇടപെടുകയും ചെയ്തെന്നാണ് വിവരം. സോണിയ ഗാന്ധി സേവാദൾ നേതാവിനെ വിളിച്ച് സംസാരിക്കുന്നതും വേദിയിൽ കാണാമായിരുന്നു.
എന്നാൽ വന്ദേമാതരം പൂർണമായി ആലപിക്കാനിടയായ സാഹചര്യം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ചടങ്ങിന് ശേഷം നേതാക്കൾ കടുത്ത അതൃപ്തിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.


