വാഷിങ്ടൺ: ആറാം മാസത്തിലേക്ക് കടക്കുന്ന ഇറാൻ യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള നീക്കത്തിന്റെ ഭാഗമായി ലക്ഷ്യങ്ങൾ വലിയ തോതിൽ വെട്ടിച്ചുരുക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭരണകൂടവും. ഇറാനിലെ ഭരണമാറ്റം, പൂർണ കീഴടങ്ങൽ, മിഡിൽ ഈസ്റ്റിലെ പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കൽ തുടങ്ങിയ പ്രാരംഭ കർശന ഉപാധികളിൽ നിന്ന് അമേരിക്ക പിന്നോട്ടുപോകുന്നതായാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
മാറിമറിയുന്ന മുൻഗണനകൾ
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഭരണകൂടത്തിന്റെ പുതിയ നിലപാട് വ്യക്തമാക്കി. രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
ആദ്യ ലക്ഷ്യം ആഗോള ഊർജവിപണിയിലെ സ്ഥിരതയാണ്. അമേരിക്കക്കാർക്ക് എണ്ണയും വാതകവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ ആഗോള വിപണിയിലേക്ക് ഇന്ധന വിതരണം തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് പ്രധാന പരിഗണനയെന്ന് വാൻസ് പറഞ്ഞു.
രണ്ടാമത്തെ ലക്ഷ്യം ഇറാൻ ആണവായുധം വികസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ്. ഇറാന്റെ ആണവ പദ്ധതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് അമേരിക്കയുടെ പ്രധാന ആവശ്യമെന്നും വാൻസ് വ്യക്തമാക്കി.
വാൻസിന്റെ നിലപാടിനെ പിന്തുണച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും ഈ രണ്ട് കാര്യങ്ങളും പ്രസിഡന്റ് ട്രംപിന് ഒരുപോലെ പ്രധാനമാണെന്ന് വ്യക്തമാക്കി.
ആദ്യ നിലപാടിൽനിന്ന് മലക്കംമറിച്ചിൽ
യുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കയിലെ ഇന്ധനവില വർധനവ് പ്രധാന പരിഗണനയല്ലെന്നും ഇറാന്റെ ആണവ നിരായുധീകരണമാണ് ലക്ഷ്യമെന്നും ട്രംപ് ആവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇന്ധനവില നിയന്ത്രണത്തിന് വലിയ പ്രാധാന്യം നൽകുന്നത് യുദ്ധത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് മടങ്ങാൻ അമേരിക്ക ശ്രമിക്കുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണമായി കൈമാറണമെന്ന മുൻ നിലപാടിലും ട്രംപ് ഭരണകൂടം അയവ് വരുത്തുന്നതായാണ് സൂചന. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായെന്നും ആണവ വസ്തുക്കൾ തിരിച്ചെടുക്കാനാകാത്തവിധം ഭൂമിക്കടിയിൽ മറവുചെയ്യപ്പെട്ടിരിക്കാമെന്നുമുള്ള അമേരിക്കൻ വാദങ്ങൾ കർശന ഉപാധികളില്ലാത്ത ഒത്തുതീർപ്പിനുള്ള സാധ്യത തുറക്കുന്നതായാണ് വിലയിരുത്തൽ.
യുദ്ധത്തിന്റെ തുടക്കത്തിൽ മുന്നോട്ടുവെച്ച ബൃഹത്തായ ലക്ഷ്യങ്ങളിൽനിന്ന് പിന്നോട്ടുപോയി ഇന്ധനവില നിയന്ത്രണവും ആണവ നിയന്ത്രണവും മാത്രം പ്രധാന ലക്ഷ്യങ്ങളായി മാറുന്നത് ആറുമാസം നീണ്ട സംഘർഷത്തിൽ അമേരിക്കയ്ക്ക് കാര്യമായ നേട്ടങ്ങളൊന്നും കൈവരിക്കാനായില്ലെന്ന വിമർശനത്തിനും ശക്തി പകരുന്നുണ്ട്.




