കണ്ണൂർ: ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ. വൈസ് ചാൻസലറുടെ നിർദേശപ്രകാരമാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് ആരോപിച്ചു.
സർവകലാശാലയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും നേരത്തെയും സമാനമായ ഇടപെടലുകൾ വൈസ് ചാൻസലറുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും ജോയൽ തോമസ് പറഞ്ഞു. എസ്എഫ്ഐ പരിപാടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിൽ മാറ്റമുണ്ടാകില്ലെന്നും അതേ സെമിനാർ ഹാളിൽ തന്നെ പരിപാടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ വൈസ് ചാൻസലർക്കെതിരെ പ്രതികരിക്കണമെന്നും ജോയൽ തോമസ് ആവശ്യപ്പെട്ടു.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസ് യൂണിയൻ സംഘടിപ്പിക്കുന്ന ഷീ ഫെസ്റ്റിനാണ് വൈസ് ചാൻസലർ അനുമതി നിഷേധിച്ചത്. ഡൽഹിയിലെ ജന്തർ മന്ദർ സമരത്തിന് നേതൃത്വം നൽകിയ ഐഷി ഘോഷിനെയാണ് പരിപാടിയിൽ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്.
പരിപാടിക്കായി നിശ്ചയിച്ചിരുന്ന സെമിനാർ ഹാൾ അനുവദിക്കില്ലെന്ന് ക്യാമ്പസ് ഡയറക്ടർ സംഘാടകരെ അറിയിച്ചിരുന്നു. വൈസ് ചാൻസലറുടെയോ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി വേണമെന്നും ക്യാമ്പസ് ഡയറക്ടർ വ്യക്തമാക്കി.
അതിനിടെ, സർവകലാശാലയുടെ തീരുമാനത്തെ മറികടന്ന് പരിപാടിയുമായി മുന്നോട്ട് പോകാനാണ് എസ്എഫ്ഐ നേതൃത്വം നൽകുന്ന പാലയാട് ക്യാമ്പസ് യൂണിയന്റെ തീരുമാനം.


