ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട കേസിൽ ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കും മുൻ ട്രസ്റ്റി അനിൽ മിശ്രയ്ക്കും പ്രത്യേക അന്വേഷണ സംഘം (എസ്.ഐടി) ക്ലീൻ ചിറ്റ് നൽകിയതായി റിപ്പോർട്ട്. ഇരുവർക്കുമെതിരെ കേസിൽ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് എസ്.ഐ.ടി.യുടെ അന്തിമ റിപ്പോർട്ടിലുള്ളത്.
അന്തിമ റിപ്പോർട്ട് തുടർനടപടികൾക്കായി ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പിന് കൈമാറി. സംഭാവന മോഷണവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ജൂൺ 27-ന് ചമ്പത് റായിയും അനിൽ മിശ്രയും ട്രസ്റ്റിലെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. തുടർന്ന് എസ്.ഐ.ടി. ഇരുവരെയും ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിൽ സംഭാവന മോഷണത്തിൽ തനിക്ക് പങ്കില്ലെന്ന് ചമ്പത് റായ് വ്യക്തമാക്കിയിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത് തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. സംഭാവന ശേഖരണത്തിൽ ക്രമക്കേട് ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നെന്നും ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട ഉടൻ നടപടി സ്വീകരിച്ചെന്നും റായ് വ്യക്തമാക്കിയതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.
ട്രസ്റ്റിന്റെ അഭ്യർഥനയെ തുടർന്ന് ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ എസ്.ഐ.ടി. രൂപീകരിച്ചത്. ലഖ്നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലായിരുന്നു സംഘം. പിന്നീട് അന്വേഷണത്തിനായി പുതിയ എസ്.ഐ.ടി.യും രൂപീകരിച്ചിരുന്നു. സംഭാവന മോഷണക്കേസിൽ എട്ട് പേരെ പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട ജീവനക്കാരാണ് പ്രതികളിൽ ഉൾപ്പെടുന്നത്. ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.



