ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ മുൻ അധ്യക്ഷനുമായ എം. കരുണാനിധിയെ ബഹുമാനസൂചകമായ വിശേഷണമില്ലാതെ പേരുമാത്രം പരാമർശിച്ചത് വിവാദമായി. ഡിഎംകെ അംഗങ്ങൾ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ മാപ്പ് ചോദിച്ചു. വനം വകുപ്പ് മന്ത്രി ആർ.വി. രഞ്ജിത്ത് കുമാറിന് വേണ്ടി മുഖ്യമന്ത്രി മാപ്പ് ചോദിക്കുകയായിരുന്നു.
തിങ്കളാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിലാണ് സംഭവങ്ങളുടെ തുടക്കം. ആരോഗ്യ, റവന്യൂ വകുപ്പുകൾക്കുള്ള ഗ്രാൻഡുകൾ ആവശ്യപ്പെട്ടുള്ള ചർച്ചയ്ക്കിടെ സംസാരിക്കവെയാണ് മന്ത്രി ആർ.വി. രഞ്ജിത്ത് കുമാർ മുൻ മുഖ്യമന്ത്രിയുടെ പേര് ‘കലൈഞ്ചർ കരുണാനിധി’ എന്ന ബഹുമതിപ്പദവിയില്ലാതെ ‘കരുണാനിധി’ എന്ന് മാത്രം പരാമർശിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങൾ രംഗത്തെത്തി.
വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി വിജയ്, മന്ത്രിയുടെ പരാമർശം അനുചിതമാണെന്ന് വ്യക്തമാക്കി. മന്ത്രിക്ക് വേണ്ടി താൻ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം സഭയിൽ പറഞ്ഞു.
മുൻ തെരഞ്ഞെടുപ്പുകളിൽ കാഞ്ചീപുരം മണ്ഡലത്തിൽ ഒരു വോട്ടിന് 1,500 രൂപ വരെ വിതരണം ചെയ്തെന്ന ആരോപണവും മന്ത്രി ഉന്നയിച്ചിരുന്നു. പണം നൽകാതെ വോട്ട് നേടി തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻ തെരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് കരുണാനിധിയെ വിശേഷണമില്ലാതെ പരാമർശിച്ചത്.
ഇതോടെ മുൻ മന്ത്രി കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രന്റെ നേതൃത്വത്തിൽ ഡിഎംകെ അംഗങ്ങൾ പ്രതിഷേധിച്ചു. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്.













