ഗാലെ: ഇന്ത്യ–ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിലും മഴ ഭീഷണി. ആദ്യ മൂന്ന് ദിവസങ്ങളിലും പലതവണ മത്സരം തടസ്സപ്പെടുത്തിയ മഴ നാലാം ദിനത്തിലും വില്ലനായേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മൂന്നാം ദിനം ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചതിന് പിന്നാലെ ഗാലെയിൽ മഴ പെയ്തിരുന്നു. ഇതോടെ ഗ്രൗണ്ട് ജീവനക്കാർ ഔട്ട്ഫീൽഡ് പൂർണമായും കവർ ചെയ്തു. 178 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യക്ക് മത്സരം വിജയിക്കണമെങ്കിൽ ശ്രീലങ്കയുടെ പ്രതിരോധത്തിനൊപ്പം പ്രതികൂല കാലാവസ്ഥയെയും മറികടക്കേണ്ടിവരും.
പ്രാദേശിക സമയം രാവിലെ 10 മണിയോടെ ഗാലെയിൽ മഴയ്ക്ക് 56 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഉച്ചയ്ക്ക് ഒന്നോടെ മഴയ്ക്കുള്ള സാധ്യത 20 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തൽ. ആദ്യ ഒരു മണിക്കൂർ കളി നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിലും പിന്നീട് ആകാശം മേഘാവൃതമായി തുടർന്നാലും ഭൂരിഭാഗം സമയവും മത്സരം നടത്താനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മൂന്നാം ദിനം ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 284 റൺസിന് അവസാനിപ്പിച്ചാണ് ഇന്ത്യ 178 റൺസിന്റെ ലീഡ് നേടിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ സ്പിന്നർ മാനവ് സുതാറും മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യൻ ബൗളിങ് നിരയിൽ തിളങ്ങിയത്.
99 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർന്ന ശ്രീലങ്കയെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ സോനൽ ദിനുഷയും പരിചയസമ്പന്നനായ നിരോഷൻ ഡിക്ക്വെല്ലയും ചേർന്നാണ് കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും 146 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം സെഷനിൽ വിക്കറ്റ് നഷ്ടമില്ലാതെ 116 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ഇന്ത്യൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു.




