ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിനും പഞ്ചാബിനും പുതിയ സംസ്ഥാന ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ വിനോദ് താവ്ഡെയെ ഉത്തർപ്രദേശ് ഇൻചാർജായും ദേശീയ സെക്രട്ടറി ജഗദീഷ് ഈശ്വർഭായ് പട്ടേലിനെ സഹ ഇൻചാർജായും നിയമിച്ചു.
പഞ്ചാബിന്റെ ചുമതല ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സതീഷ് പൂനിയയ്ക്കാണ്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആണ് പുതിയ നിയമനങ്ങൾ നടത്തിയത്.
പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാന ഇൻചാർജുമാരെയും പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിടുന്ന ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മുൻനിർത്തിയാകും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കുക.
അതേസമയം, ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ ശക്തമായ മുന്നേറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്. കോൺഗ്രസും സംസ്ഥാനത്ത് ബിജെപിക്ക് പ്രധാന വെല്ലുവിളിയാണ്. ബിജെപി-ശിരോമണി അകാലിദൾ സഖ്യം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപാർട്ടികൾക്കിടയിൽ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
13 ദേശീയ ഉപാധ്യക്ഷന്മാരടക്കം ഉൾപ്പെടുന്ന പുതിയ ഭാരവാഹി പട്ടികയും ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 13 ഉപാധ്യക്ഷന്മാരിൽ ഒൻപത് പേരും പുതുമുഖങ്ങളാണ്. രാജസ്ഥാന്റെ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും ഉപാധ്യക്ഷ പദവിയിലെത്തി. എട്ട് ജനറൽ സെക്രട്ടറിമാരെയും 16 ദേശീയ സെക്രട്ടറിമാരെയും പുതിയതായി നിയമിച്ചിട്ടുണ്ട്.


