CPIM പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിൻ്റെ അപ്രതീക്ഷിത പുറത്താക്കൽ പാർട്ടിയിൽ വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. കേവലം സംഘടനാപരമായ വീഴ്ചകൾക്കപ്പുറം ഗുരുതരമായ കുറ്റകൃത്യങ്ങളും സ്വഭാവദൂഷ്യങ്ങളുമാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്നത് വിഷയത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. പാർട്ടി കേഡറായ ഒരു യുവ അഭിഭാഷകയോട് ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സുരേഷ് ബാബു മോശമായി പെരുമാറുകയും, തെരഞ്ഞെടുപ്പ് സമയത്ത് സംഘടനാ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയപ്പോൾ ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്തുവെന്നാണ് ഉയർന്നുവന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. ഇതിനുപുറമെ കഴിഞ്ഞ ഒരു വർഷത്തോളമായി ഇയാൾ ഫോണിലൂടെ യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ഈ സംഭവം പുറത്തുവന്നതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയ സുരേഷ് ബാബുവിനെതിരെ അതിശക്തമായ അച്ചടക്ക നടപടിക്ക് പാർട്ടി നേതൃത്വം തയാറെടുക്കുന്നതായാണ് വിവരം. കേവലമൊരു വാക്കാൽ പരാതി നൽകുന്നതിന് പകരം, കൃത്യമായ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് യുവതി പാർട്ടി ഉന്നത നേതൃത്വത്തെ സമീപിച്ചത്. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിക്കും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഈ ഡിജിറ്റൽ തെളിവുകൾ കൈമാറുകയായിരുന്നു. തെളിവുകൾ ഒന്നൊന്നായി പുറത്തുവന്നതോടെ സുരേഷ് ബാബുവിനെ സംരക്ഷിക്കാൻ പാർട്ടി നേതൃത്വത്തിന് യാതൊരു വഴിയുമില്ലാതായി. വിഷയം ഗുരുതരമാണെന്ന് മനസ്സിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെടുകയും, തുടർന്ന് സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് അടിയന്തരമായി വിളിച്ചുവരുത്തി ഉന്നത നേതാക്കളുടെ സാന്നിധ്യത്തിൽ വെച്ച് യുവതിയുടെ പരാതിയും തെളിവുകളും വായിച്ചു കേൾപ്പിക്കുകയുമായിരുന്നു.
ഇതിനെത്തുടർന്ന് കൂടുതൽ ചർച്ചകൾക്കോ വിശദീകരണങ്ങൾക്കോ നിൽക്കാതെ ഉടൻ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുകൊടുക്കാൻ പിണറായി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ കശനമായി ആവശ്യപ്പെടുകയായിരുന്നു. നേതാക്കളുടെ നിർദ്ദേശപ്രകാരം സ്ഥാനമൊഴിയാമെന്ന് സമ്മതിച്ച സുരേഷ് ബാബു, തനിക്കെതിരെ വന്ന ഗുരുതരമായ പരാതി വിശാല കമ്മിറ്റിയിൽ ചർച്ചയാക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്നാണ് വ്യക്തിപരമായ കാരണങ്ങളാൽ താൻ പദവിയിൽ നിന്ന് സ്വയം ഒഴിയുകയാണെന്ന് ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്.
പാലക്കാട് ചേർന്ന വിപുലമായ ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ പീഡന പരാതി ഔദ്യോഗികമായി പരാമർശിക്കപ്പെട്ടില്ലെങ്കിലും, പാർട്ടി തലത്തിൽ നീതി ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ പരസ്യമാക്കുമെന്ന അഭിഭാഷകയുടെ കർശന മുന്നറിയിപ്പ് പാർട്ടിക്ക് മുന്നിലുണ്ടായിരുന്നു. ഇതോടെയാണ് സുരേഷ് ബാബു സ്വയം പദവിയൊഴിയുന്നു എന്ന തരത്തിൽ കാര്യങ്ങൾ ക്രമീകരിക്കാൻ പാർട്ടി നിർബന്ധിതരായത്. എന്നാൽ, വെറുമൊരു സ്ഥാനമൊഴിയലിൽ മാത്രം കാര്യങ്ങൾ ഒതുങ്ങിത്തീരില്ലെന്നാണ് നിലവിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. സുരേഷ് ബാബുവിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നുതന്നെ പുറത്താക്കാൻ നേതൃത്വം ആലോചിക്കുന്നുണ്ട്. വിപുലീകരിച്ച ജില്ലാ കമ്മിറ്റികൾ പൂർത്തിയായ ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാകും ഇതിൽ അന്തിമതീരുമാനമുണ്ടാകുക. ലൈംഗിക പീഡന പരാതിക്ക് പുറമെ, പാലക്കാട് ജില്ലയിലെ സി.പി.എമ്മിൽ വിഭാഗീയത ആളിക്കത്തിച്ചതിലും സുരേഷ് ബാബുവിന് വലിയ പങ്കുണ്ടെന്ന് വിമർശനമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് പ്രധാന മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികൾ നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്ക് കാരണം സുരേഷ് ബാബുവിൻ്റെ ശാഠ്യങ്ങളും പിടിവാശികളുമാണെന്ന് കമ്മിറ്റിയിൽ കടുത്ത വിമർശനമുയർന്നു.
പാർട്ടി സമ്മേളന കാലയളവല്ലാതെ ഒരു ജില്ലാ സെക്രട്ടറിയെ ഇത്തരത്തിൽ പെട്ടെന്ന് നീക്കം ചെയ്യുന്നത് സി.പി.എമ്മിൽ അത്യപൂർവ്വമായ നടപടിയാണ്. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട തിരുത്തൽ നടപടികൾ എന്ന വ്യാജേനയാണ് സ്ഥാനമാറ്റം നടന്നതെങ്കിലും, അണിയറയിൽ വിഷയം വലിയൊരു സ്‌ഫോടനത്തിനാണ് വഴിവെച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ഔദ്യോഗിക യോഗത്തിലാണ് ഈ അടിയന്തര മാറ്റം പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന് മുൻ എം.എൽ.എ വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി പാർട്ടി ചുമതലപ്പെടുത്തി. കാവശേരിയിൽ നിന്നുള്ള മുതിർന്ന നേതാവായ ചെന്താമരാക്ഷൻ്റെ പൊതുസ്വീകാര്യതയും സംഘടനാ മികവും കണക്കിലെടുത്താണ് ഈ പുതിയ തീരുമാനം കൈക്കൊണ്ടത്.
ഇക്കാര്യം വാർത്തയായി മാറിയതോടെ സംഭവത്തെ വളരെ ലളിതവൽക്കരിച്ച് കാണിക്കാനാണ് സുരേഷ് ബാബു ശ്രമിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ താൻ സ്വയം ചുമതല ഒഴിയുകയാണെന്നും, തന്നേക്കാൾ പ്രബലനായ ജില്ലാ സെക്രട്ടറിയായി വി. ചെന്താമരാക്ഷൻ മാറുമെന്നുമാണ് ഇയാൾ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്. എന്നാൽ പുതിയ സെക്രട്ടറിയും വിഷയത്തിലെ പരാതിയെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല. കാര്യങ്ങൾ ഇവിടെകൊണ്ടൊന്നും അവസാനിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അടുത്തതായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കാര്യക്ഷമമായ അന്വേഷണ കമ്മീഷനെ വെക്കാൻ വലിയ സാധ്യതയുണ്ട്. നിലവിൽ ഉയർന്നുവന്നിട്ടുള്ള ലൈംഗിക പീഡന പരാതിയും സംഘടനാപരമായ മറ്റു ഗുരുതര വീഴ്ചകളും ഈ അന്വേഷണ കമ്മീഷൻ വിശദമായി പരിശോധിക്കും.
സ്വന്തം പാർട്ടി ഓഫീസിനുള്ളിൽ വിളിച്ചുവരുത്തി വനിതാ പ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ചതിൻ്റെ വ്യക്തമായ കോൾ റെക്കോർഡിംഗുകളും ഫോൺ സന്ദേശങ്ങളും യുവതി പാർട്ടിക്ക് തെളിവായി നൽകിയിട്ടുണ്ട്. ജില്ലയിൽ നിന്നുള്ള കേന്ദ്ര-സംസ്ഥാന വനിതാ നേതാക്കൾ പരാതി പ്രാഥമികമായി അന്വേഷിച്ച് സത്യസന്ധത ഉറപ്പുവരുത്തിയ ശേഷമാണ് കടുത്ത നടപടികളിലേക്ക് കടന്നത്. സുരേഷ് ബാബുവിനെ പാർട്ടിയുടെ മുഴുവൻ ചുമതലകളിൽ നിന്നും എത്രയും വേഗം പുറത്താക്കണമെന്ന ശക്തമായ നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റിലെയും ജില്ലാ കമ്മിറ്റിയിലെയും ഭൂരിഭാഗം അംഗങ്ങളും ഒന്നടങ്കം ഉന്നയിക്കുന്നത്. ഇത്തരം ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരാൾ പദവികളിൽ തുടരുന്നത് രാഷ്ട്രീയമായി വലിയ പ്രഹരമുണ്ടാക്കുമെന്ന് നേതൃത്വം തിരിച്ചറിയുന്നു. മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ നേതാവ് പി.കെ. ശശിയും സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
‘ധിക്കാരത്തിൻ്റെയും ഗുണ്ടായിസത്തിൻ്റെയും ഫലം കണ്ടുതുടങ്ങി’ എന്നായിരുന്നു സുരേഷ് ബാബുവിനെതിരെ ശശിയുടെ കടന്നാക്രമണം. മുൻപ് ശശിക്കെതിരെയുള്ള നടപടികളിൽ മുൻപന്തിയിലുണ്ടായിരുന്ന ആളായിരുന്നു സുരേഷ് ബാബു എന്നത് ഇതിന്റെ പ്രാധാന്യം കൂട്ടുന്നു. പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഈ അപമാനകരമായ സംഭവം സി.പി.എമ്മിൻ്റെ ധാർമ്മിക അടിത്തറയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. വനിതാ പ്രവർത്തകർക്ക് പാർട്ടി ഓഫീസുകളിൽ പോലും സുരക്ഷിതത്വമില്ലെന്ന സാഹചര്യം പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കുമെന്ന ഭയം പാർട്ടി നേതൃത്വത്തിനുണ്ട്.
അതുകൊണ്ടുതന്നെ പരാതിയിൽ കടുത്ത തുടർനടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന വ്യക്തമായ സൂചന തന്നെയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നൽകുന്നത്. പരാതി സമഗ്രമായി പരിശോധിച്ച ശേഷമായിരിക്കും മറ്റു കടുത്ത പാർട്ടി നടപടികളിലേക്ക് കടക്കുകയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ പാർട്ടി നിർദ്ദേശപ്രകാരം സുരേഷ് ബാബുവിനെ നിർബന്ധിതമായി മാറ്റി നിർത്തിയിരിക്കുകയാണെങ്കിലും, കടുത്ത അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുതന്നെ ഇയാളെ നീക്കം ചെയ്തേക്കും. ഈ വിഷയം ഇനി നിയമനടപടികളിലേക്ക് വഴിമാറിയാൽ പാർട്ടി കൂടുതൽ പ്രതിരോധത്തിലാകുമെന്ന കാര്യത്തിൽ സംശയമില്ല.
അതേസമയം, പരാതിക്കാരിയായ യുവതി തനിക്ക് പാർട്ടിയിൽ നിന്നും നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. പാർട്ടി തലത്തിൽ അർഹിക്കുന്ന തരം ശിക്ഷ സുരേഷ് ബാബുവിന് ലഭിച്ചില്ലെങ്കിൽ, വിഷയം പൊതുസമൂഹത്തിൽ തുറന്നുപറയാനും കടുത്ത നിയമനടപടികളുമായി മുന്നോട്ടുപോകാനും യുവതി തയാറെടുക്കുന്നുണ്ട്. വിഷയം പ്രതിപക്ഷം വലിയ രീതിയിൽ ആയുധമാക്കുമെന്ന കാര്യം ഉറപ്പാണ്. നേരത്തെ സുരേഷ് ബാബുവിനെതിരെ തെരഞ്ഞെടുപ്പ് സമയത്ത് രംഗത്ത് വന്ന പി കെ ശശിയടക്കമുള്ളവർ രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. താൻ ഇതെല്ലാം അന്നേ പറഞ്ഞതല്ലേ എന്ന തരത്തിലായിരുന്നു ശശിയുടെ പ്രതികരണം. CPIMൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് നേരത്തേ അറിയാവുന്ന കാര്യമാണെന്നും പാർട്ടി ഓഫീസുകൾ പോലും സുരക്ഷിതമല്ലെന്നുമായിരുന്നു കോൺഗ്രസ് നേതാവ് ജെബി മേത്തറിന്റെ പ്രതികരണം.




