കൊച്ചി: ആസൂത്രണ ബോർഡിലെ നിയമനത്തിനായി നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലെ ക്രമക്കേടിൽ പി.എസ്.സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. 58 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് അഴിമതിയല്ലേയെന്നും കോടതി ചോദിച്ചു. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.
മൂല്യനിർണയത്തിലെ വീഴ്ച ക്ലറിക്കൽ പിഴവാണെന്നായിരുന്നു പി.എസ്.സിയുടെ വാദം. എന്നാൽ, ഇത് ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമാണെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. പരീക്ഷയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ക്ലറിക്കൽ പിഴവായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. പി.എസ്.സിക്കെതിരെ ഒന്നും അന്വേഷിക്കരുതെന്നാണോ നിലപാടെന്നും കോടതി ചോദിച്ചു. പി.എസ്.സിയുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടതുണ്ട്. യുവാക്കളുടെ പ്രതീക്ഷയാണ് പി.എസ്.സി. അതിനെ തകർക്കുന്ന നടപടികൾ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പി.എസ്.സി ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടും ചോദ്യംചെയ്യലിന് ഹാജരായില്ലെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് കർശന നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. അന്വേഷണവുമായി പി.എസ്.സി സഹകരിക്കേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു.
പി.എസ്.സി നൽകിയ അന്വേഷണം തടയണമെന്ന ഹർജി നിലനിൽക്കില്ലെന്നും ഗുരുതരമായ ആരോപണമാണ് പി.എസ്.സിക്കെതിരെ ഉയർന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു. ഹർജിയിലെ വാദം കേൾക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.
ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയായ ചീഫിന്റെ നിയമനത്തിലാണ് ക്രമക്കേട് നടന്നതെന്ന ആരോപണം ഉയർന്നത്. 2022ലാണ് തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പെർസ്പെക്ടീവ് പ്ലാനിങ്, പ്ലാനിങ് കോ-ഓർഡിനേഷൻ വിഭാഗങ്ങളിൽ ഓരോ ഒഴിവുകളാണ് ഉണ്ടായിരുന്നത്. മൂന്ന് തസ്തികകൾക്കും രണ്ട് പേപ്പറുകളാണ് പരീക്ഷയ്ക്കുണ്ടായിരുന്നത്.
ആദ്യ പേപ്പർ മൂന്ന് വിഭാഗങ്ങളിലെയും ഉദ്യോഗാർഥികൾക്ക് പൊതുവായിരുന്നു. ഇതിലെ ഒൻപത് മുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് ബാക്കിയുള്ള ഉത്തരങ്ങളുടെ മാർക്കും അഭിമുഖത്തിലെ മാർക്കും ചേർത്ത് 2025 മേയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
ഇരുനൂറിലേറെ പേരാണ് പരീക്ഷ എഴുതിയത്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാനിങ് കോ-ഓർഡിനേഷൻ വിഭാഗങ്ങളിലെ ഒന്നാം റാങ്കുകാർക്ക് നിയമന ശുപാർശ അയയ്ക്കുകയും 2025 ജൂണിൽ നിയമനം നൽകുകയും ചെയ്തു. ഒന്നേകാൽ ലക്ഷത്തിലേറെ രൂപ ശമ്പളമുള്ള തസ്തികകളിൽ നിയമനം ലഭിച്ചവർ ഇടതുപക്ഷ സംഘടനകളുമായി ബന്ധമുള്ളവരാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.




