കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിനെ പിന്തുണച്ച് പാർട്ടി നേതൃത്വം. ഇഡി നടത്തുന്നത് രാഷ്ട്രീയ പ്രേരിതമായ പരിശോധനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആരോപിച്ചു.
ഇഡി പരിശോധന നടക്കുന്ന നിഖിലിന്റെ ഫ്ലാറ്റിലെത്തിയ ശേഷമാണ് മെഹബൂബ് പ്രതികരിച്ചത്. നിഖിലിന് രാഷ്ട്രീയമായും നിയമപരമായും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ ഇപ്പോൾ ബിജെപി മാത്രമല്ല, കോൺഗ്രസും ഉപയോഗിക്കുന്നുണ്ടെന്നും മെഹബൂബ് ആരോപിച്ചു. നിഖിലുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാസപ്പടി കേസിലെ അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കുകയാണ് ഇഡി. ഡിടിപിസി ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ നന്ദുലാൽ, സിപിഎം സെക്രട്ടേറിയറ്റ് അംഗവും സൊലൈസ് കമ്പനി ഉടമയുമായ നിഖിൽ, ഷൈജൽ, ഫൈജാസ് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്.
എക്സാലോജിക്കിൽ നിന്ന് പുറത്തേക്ക് പണം പോയതുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടത്തുന്നത്. നിഖിൽ മുൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ ബിസിനസ് നടത്തിവരുന്ന നിഖിൽ സൊലൈസ് എന്ന കമ്പനിയുടെ ഉടമയാണ്.
വീണയുടെ ഡയറിയിൽ നിന്നാണ് നിഖിലിന്റെയും മറ്റ് മൂന്ന് പേരുടെയും വിവരങ്ങൾ ഇഡിക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഇവർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് വീണ മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം.
നിഖിലിന്റെ ഫറോഖ് കരുവൻതുരുത്തിയിലെ തറവാട് വീട്ടിലും ഇഡി പരിശോധന നടത്തി. കോഴിക്കോട് ഉൾപ്പെടെ എട്ട് ഇടങ്ങളിലാണ് നിലവിൽ പരിശോധന തുടരുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. മാസപ്പടി കേസിൽ ഇഡി നടത്തുന്ന മൂന്നാമത്തെ വ്യാപക പരിശോധനയാണിത്.


