കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബി.ജെ.പി. നാലരക്കോടിയിലേറെ രൂപ ചെലവഴിച്ചെന്ന പി.സി. ജോർജിന്റെ വെളിപ്പെടുത്തലിൽ പരാതി നൽകുമെന്ന് മുൻ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടിയിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണ് പി.സി. ജോർജ് പിന്നീട് പ്രസ്താവന തിരുത്തിയതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ആരോപിച്ചു. ആരെയും ആക്ഷേപിക്കുന്ന നിലപാടാണ് പി.സി. ജോർജിന്റേതെന്നും രാഷ്ട്രപിതാവിനെ ഉൾപ്പെടെ അവഹേളിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്നും സെബാസ്റ്റ്യൻ പറഞ്ഞു. വർഗീയ വിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ പി.സി. ജോർജ് നിരന്തരം നടത്താറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പൂഞ്ഞാറിൽ തിരഞ്ഞെടുപ്പ് അഴിമതി നടന്നിട്ടുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയതിലും നിയമനടപടി സ്വീകരിക്കുമെന്നും വിഷലിപ്തമായ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.സി. ജോർജിന്റെ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെയും സെബാസ്റ്റ്യൻ രൂക്ഷ വിമർശനം ഉന്നയിച്ചു. തന്റെ പിതാവിനെക്കുറിച്ചുപോലും പി.സി. ജോർജിന് വ്യക്തതയില്ലാത്ത അവസ്ഥയാണെന്ന് പരിഹസിച്ച സെബാസ്റ്റ്യൻ, മോദിയാണ് തന്റെ പിതാവെന്ന് ജോർജ് പറഞ്ഞിട്ടുണ്ടെന്നും ആരോപിച്ചു. ബിഷപ്പ് ഫ്രാങ്കോയെ കാണാൻ ജയിലിൽ പോയതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘അപ്പനെ കാണാൻ പോയതാണ്’ എന്നായിരുന്നു പി.സി. ജോർജിന്റെ മറുപടിയെന്നും സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.
താൻ കേരള കോൺഗ്രസ് ജോസഫിൽ മത്സരിച്ച് വിജയിച്ച് പിന്നീട് കേരള കോൺഗ്രസ് എമ്മിലേക്ക് മാറിയെന്ന പി.സി. ജോർജിന്റെ ആരോപണവും സെബാസ്റ്റ്യൻ നിഷേധിച്ചു. താൻ മത്സരിച്ച് വിജയിച്ചത് കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായാണെന്നും തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയതിൽ പി.സി. ജോർജിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് പി.സി. ജോർജ് യു.ഡി.എഫിന്റെ ഭാഗമായിരുന്നില്ലെന്നും സെബാസ്റ്റ്യൻ വ്യക്തമാക്കി.
പ്രായം കൂടുന്നതിനനുസരിച്ച് സാമാന്യബോധവും യുക്തിയും നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന പരിഹാസവും സെബാസ്റ്റ്യൻ കുളത്തുങ്കൽ നടത്തി. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.











