കൊച്ചി: ലക്ഷദ്വീപിൽ തോണി മറിഞ്ഞ് കടലിൽ കാണാതായ രണ്ട് പോലീസുകാരെ ഏഴ് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ പോലീസ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന ആന്ത്രോത്ത് സ്വദേശി ഹിദയത്തുള്ള, കവരത്തി സ്വദേശി നബീൽ എന്നിവരെയാണ് കാണാതായത്.
പട്രോളിംഗിനിടെ തോണി മറിഞ്ഞതിനെ തുടർന്നാണ് ഇരുവരും കടലിൽ അകപ്പെട്ടത്. തുടർന്ന് വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ഇരുവരെയും കണ്ടെത്താനായിട്ടില്ല.
തിരച്ചിൽ കൂടുതൽ ശക്തമാക്കണമെന്നും കൂടുതൽ കപ്പലുകളും സംവിധാനങ്ങളും എത്തിച്ച് കടലിൽ പരിശോധന വ്യാപിപ്പിക്കണമെന്നുമാണ് ആവശ്യം. ദിവസങ്ങൾ പിന്നിട്ട സാഹചര്യത്തിൽ തിരച്ചിൽ മേഖല വിപുലീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.


