ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി 100 ദിവസം പൂർത്തിയാക്കിയ നടൻ വിജയ് ദിവസവും 18 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി ആധവ് അർജുന. മുഖ്യമന്ത്രിയുടെ പ്രവർത്തന രീതിയെക്കുറിച്ച് ചെന്നൈയിൽ നടന്ന ‘ഇന്ത്യ ടുഡേ തമിഴ്‌നാട് കോൺക്ലേവിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയ് പുലർച്ചെ നാലിന് തന്നെ ഉണർന്ന് വിവിധ മന്ത്രിമാരെ ഫോണിൽ വിളിച്ച് അവരുടെ വകുപ്പുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്താറുണ്ടെന്ന് ആധവ് അർജുന പറഞ്ഞു. ജനങ്ങൾ നൽകിയ വലിയ വിജയത്തിൽ ആഘോഷിച്ച് നിൽക്കാതെ സംസ്ഥാനത്തെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനാണ് വിജയ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ അഹങ്കാരമില്ലെന്നും ജനങ്ങൾക്ക് വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നതെന്നും ആധവ് അർജുന അവകാശപ്പെട്ടു. തമിഴ്‌നാട്ടിലെ വിവിധ വകുപ്പുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം അഴിമതി തടയുന്നതിനും വിജയ് പ്രധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ തുടക്കത്തിൽ തന്നെ ഭരണത്തിൽ സുതാര്യത കൊണ്ടുവരാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
സമൂഹത്തിന്റെ താഴെത്തട്ടിൽ വർഷങ്ങളായി തുടരുന്ന അഴിമതി ഇപ്പോഴും വലിയ വെല്ലുവിളിയാണെന്ന് ആധവ് അർജുന സമ്മതിച്ചു. ഭരണ സംവിധാനത്തിന്റെ മുകളിൽ നിന്ന് തന്നെ മാറ്റങ്ങൾ കൊണ്ടുവരാനാണ് വിജയ് ശ്രമിക്കുന്നതെന്നും അഴിമതി പൂർണമായും ഇല്ലാതാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.











