തൃശ്ശൂർ: തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകമായ പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം രൂപയുടെ കേന്ദ്രസഹായം കൈമാറി. സഹായം ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിൽ അതൃപ്തി പ്രകടിപ്പിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി, കലയെയും കലാകാരന്മാരെയും രാഷ്ട്രീയ താൽപര്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്ന് വ്യക്തമാക്കി.
സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുണ്ടായ വീഴ്ചകളാണ് കേന്ദ്രസഹായം വൈകാൻ കാരണമായതെന്ന് മന്ത്രി ആരോപിച്ചു. ഭരണപരമായ വീഴ്ചകളുടെ പേരിൽ പുലിക്കളി സംഘങ്ങളും കലാകാരന്മാരും എന്തിന് ബുദ്ധിമുട്ട് അനുഭവിക്കണമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
രാജ്യസഭാംഗമായിരുന്ന കാലം മുതൽ പുലിക്കളിയെ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി സുരേഷ് ഗോപി പറഞ്ഞു. കലാകാരന്മാർക്കൊപ്പം എന്നും നിലകൊണ്ടിട്ടുണ്ടെന്നും മന്ത്രിയായ ശേഷവും പുലിക്കളിക്കുള്ള കേന്ദ്രസഹായം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ആരോടുമുള്ള വ്യക്തിപരമായ വിരോധമല്ലെന്നും തൃശ്ശൂരിലെ കലാകാരന്മാരോട് ഉണ്ടായ അനീതി ആവർത്തിക്കരുതെന്ന ഉറച്ച നിലപാടാണെന്നും മന്ത്രി പറഞ്ഞു. “വാക്ക് പറഞ്ഞാൽ അത് പാലിക്കണം എന്നതാണ് എന്റെ രാഷ്ട്രീയം. വൈകിയെങ്കിലും അത് സാധ്യമായി”, സുരേഷ് ഗോപി വ്യക്തമാക്കി.
തൃശ്ശൂരിന്റെ കലയും കലാകാരന്മാരും രാഷ്ട്രീയത്തിന് അതീതമാണെന്നും പുലിക്കളിക്കുള്ള കേന്ദ്രസഹായം വരും വർഷങ്ങളിൽ കൂടുതൽ വർധിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











