ആലപ്പുഴ: പുളിങ്കുന്നിൽ വിമുക്തഭടനെ വീടിനുള്ളിൽ അഴുകിയ നിലയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുളിങ്കുന്ന് കണ്ണാടി വേങ്ങലോത്ത് വീട്ടിൽ വി.ജി. സന്തോഷ് കുമാർ (56) ആണ് മരിച്ചത്.
വീടിനുള്ളിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പുളിങ്കുന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് സന്തോഷ് കുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഓഗസ്റ്റ് എട്ടിനാണ് സന്തോഷ് കുമാറിനെ നാട്ടുകാർ അവസാനമായി പുറത്തുകണ്ടത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയും മക്കളും ഏറെനാളായി ഭാര്യവീട്ടിലായിരുന്നു താമസം. സന്തോഷ് കുമാറിനൊപ്പം താമസിച്ചിരുന്ന അമ്മ രണ്ട് വർഷം മുൻപ് ചെങ്ങന്നൂരിലെ സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. രണ്ടാഴ്ച മുൻപ് അവിടെവച്ച് അമ്മ മരിച്ചിരുന്നു.
അമ്മയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്ത് ഭാര്യയെയും മക്കളെയും കണ്ടശേഷമാണ് സന്തോഷ് കുമാർ പുളിങ്കുന്നിലെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് വീട്ടിൽ തനിച്ചായിരുന്നു താമസം.
പുളിങ്കുന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: രജനി. മക്കൾ: സരിത, സിത്താര.




