തൃശ്ശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിൽ ഗുരുതര പ്രതിസന്ധി. ആശുപത്രിയിലെ കോൾഡ് റൂമും കോൾഡ് ചേംബറുകളും മൃതദേഹങ്ങളാൽ നിറഞ്ഞതോടെ പുതിയ മൃതദേഹങ്ങൾ സൂക്ഷിക്കാൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. അനാഥരും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാത്തവരുമായ 27 മൃതദേഹങ്ങളാണ് സംസ്കാര നടപടികൾ പൂർത്തിയാകാതെ മാസങ്ങളായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്.
മൃതശരീരങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ഭാഗത്തുനിന്ന് വൈകുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ ആശുപത്രിയിൽ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരമൊരു സാഹചര്യമുണ്ടായാൽ മൃതദേഹങ്ങൾ ജില്ലയിലെ മറ്റ് ആശുപത്രികളിലെ മോർച്ചറികളിലോ കോൾഡ് സ്റ്റോറേജുകളിലോ എത്തിച്ച് ബന്ധുക്കൾ തന്നെ സൂക്ഷിക്കേണ്ടിവരുന്ന സ്ഥിതിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഫൊറൻസിക് വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലുമായി ആകെ 29 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. ഇതിൽ 14 എണ്ണം കോൾഡ് റൂമിലും 15 എണ്ണം കോൾഡ് ചേംബറുകളിലുമാണ്. കോൾഡ് റൂമിലെ ഫ്രീസർ യൂണിറ്റുകളിൽ തിരിച്ചറിയാത്തതും ബന്ധുക്കൾ ഏറ്റെടുക്കാത്തതുമായ 14 മൃതദേഹങ്ങൾ മാസങ്ങളായി സൂക്ഷിച്ചുവരികയാണ്. കോൾഡ് ചേംബറുകളിലും 13 മൃതദേഹങ്ങളുണ്ട്.
മരണം സംഭവിച്ചാൽ മൃതദേഹം തിരിച്ചറിയുന്നതിനും ബന്ധുക്കൾക്ക് ഏറ്റെടുക്കുന്നതിനുമായി സാധാരണയായി 72 മണിക്കൂർ വരെ ആശുപത്രിയിൽ സൂക്ഷിക്കണമെന്നാണ് ചട്ടം. ഈ കാലയളവിനുള്ളിൽ അവകാശികൾ എത്തിയില്ലെങ്കിൽ പഠനാവശ്യത്തിന് ഉപയോഗിക്കാവുന്ന മൃതദേഹങ്ങൾ ആവശ്യമായ നടപടികൾ പൂർത്തിയാക്കി അനാട്ടമി വിഭാഗത്തിലേക്ക് മാറ്റാം. മറ്റുള്ളവ സംസ്കരിക്കുന്നതിനുള്ള നടപടികൾ പൊലീസ് അറിയിപ്പിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കണം.
മൃതശരീരങ്ങൾ സംസ്കരിക്കുന്നതിന് പൊലീസിന്റെ നിരാക്ഷേപ പത്രം നിർബന്ധമാണ്. തുടർന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളാണ് സംസ്കാരത്തിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി മൃതദേഹങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യണമെന്നാണ് ആശുപത്രി അധികൃതരുടെ ആവശ്യം.











