ചെന്നെെ: തമിഴ്നാട്ടിലെ മുഖ്യമന്ത്രി ജോസഫ് സി. വിജയ് നയിക്കുന്ന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി. മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ ക്രമക്കേട് നടന്നെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ തമിഴക വെട്രി കഴകം (ടിവികെ) തള്ളി. അധികാരത്തിലെത്തി നൂറുദിനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സർക്കാരിനെതിരെ ആരോപണം ഉയർന്നിരിക്കുന്നത്.
ഫോർട്ട് സെന്റ് ജോർജിലെ മെയിൻ ബ്ലോക്കിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് സമീപത്തെ നാമക്കൽ കവിജ്ഞർ മാളികൈയിലേക്ക് മാറ്റാനുള്ള വിജയിന്റെ തീരുമാനമാണ് വിവാദമായത്. മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യപ്രദമായ ഇടം ഒരുക്കുന്നതിനാണ് ഓഫീസ് മാറ്റുന്നതെന്നാണ് ടിവികെയുടെ വിശദീകരണം. വ്യക്തിപരമായ ആഡംബരത്തിനുവേണ്ടിയല്ല നടപടിയെന്നും പാർട്ടി വ്യക്തമാക്കി.
എന്നാൽ പുതിയ ഓഫീസിന്റെ നവീകരണ പ്രവർത്തനങ്ങൾ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ ആരംഭിച്ചിരുന്നുവെന്നാണ് ബിജെപിയും പ്രതിപക്ഷമായ ഡിഎംകെയും ആരോപിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് 5.54 കോടി രൂപയുടെ ടെൻഡർ വിളിച്ചതെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.
ബിജെപി ഡിജിറ്റൽ ലൈബ്രറി ആൻഡ് ഡോക്യുമെന്റേഷൻ ദേശീയ കോർഡിനേറ്റർ ഡോ. അസീർ ആചാരിയാണ് ടിവികെ സർക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സുതാര്യവും അഴിമതിരഹിതവുമായ ഭരണം വാഗ്ദാനം ചെയ്താണ് വിജയ് അധികാരത്തിലെത്തിയതെന്നും എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ വ്യക്തതയില്ലെന്നും അദ്ദേഹം ആരോപിച്ചു.
നാമക്കൽ കവിജ്ഞർ മാളികൈയിലെ പത്താം നില മുഴുവനും മുഖ്യമന്ത്രിയുടെ ഓഫീസിനായി മാറ്റിവെച്ചിട്ടുണ്ടെന്നും നവീകരണ പ്രവർത്തനങ്ങൾ പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ ഒരു മാസമായി നടന്നുവരികയാണെന്നും ആചാരി പറഞ്ഞു. എന്നാൽ ഈ മാസം 12ന് പിഡബ്ല്യുഡി 5.54 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
പിഡബ്ല്യുഡി എൻജിനീയർമാരുടെ മേൽനോട്ടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിൽ പിന്നീട് ടെൻഡർ ക്ഷണിച്ചതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ആരോപണങ്ങളിൽ ടിവികെ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.


