തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ രണ്ട് ആൾജാമ്യം, മറ്റ് കേസുകളിൽ ഉൾപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 14ന് രാത്രി വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച ‘റീസർജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ പരിപാടിയുമായി ബന്ധപ്പെട്ടാണ് കേസ്. പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളെ ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ അജിത് കുമാർ അധിക്ഷേപിച്ചെന്നാണ് പരാതി.
വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അജിത്തിനെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വീഡിയോയിലൂടെ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും അശ്ലീല ചുവയോടെയും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചെന്ന പരാതിയിലാണ് പൊലീസ് നിയമനടപടി സ്വീകരിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അജിത് കുമാറിനെ അറസ്റ്റ് ചെയ്തത്.


