തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മൂന്ന് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ താമസിക്കുന്ന കുട്ടിക്കാണ് രോഗബാധയുണ്ടായത്.
കഴിഞ്ഞ 12ന് കുട്ടിയും കുടുംബവും നാഗർകോവിലിലെ ക്ഷേത്രത്തിൽ ദർശനത്തിന് പോയിരുന്നു. യാത്രയ്ക്കിടെ കുട്ടിയുടെ രക്ഷിതാക്കൾ റോഡരികിൽ നിന്ന് സർബത്ത് വാങ്ങി കുടിച്ചിരുന്നു. ഇതിന് പിന്നാലെ അടുത്ത ദിവസം രാവിലെ കുട്ടിക്ക് ശക്തമായ വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു.
തുടർന്ന് കുട്ടിയെ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. പരിശോധനയിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കുടലിനെ പ്രധാനമായും ബാധിക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.
ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാണ് സാധാരണയായി രോഗലക്ഷണങ്ങൾ തുടങ്ങുന്നത്. ശുചിത്വക്കുറവും മലിനമായ ഭക്ഷണവും വെള്ളവും രോഗം പകരാൻ കാരണമാകാം.


