കണ്ണൂർ: ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമിക്കുന്ന 10 വന്ദേ സ്ലീപ്പർ ട്രെയിനുകളിൽ ഒന്ന് കേരളത്തിന് ലഭിക്കും. ഈ വർഷം പുറത്തിറക്കുന്ന രണ്ട് വന്ദേ സ്ലീപ്പർ ട്രെയിനുകളിൽ ഒന്നാണ് കേരളത്തിലേക്കെത്തുക. ദക്ഷിണ റെയിൽവേക്ക് അനുവദിച്ച 16 കോച്ച് വന്ദേ സ്ലീപ്പർ റേക്കിന് ആദ്യ പരിഗണന കേരളം ഉൾപ്പെടുന്ന പ്രധാന ദീർഘദൂര റൂട്ടുകൾക്കാണ്.
മംഗളൂരു–തിരുവനന്തപുരം (631 കിലോമീറ്റർ), തിരുവനന്തപുരം–ചെന്നൈ (922 കിലോമീറ്റർ), മംഗളൂരു–ചെന്നൈ (889 കിലോമീറ്റർ) എന്നിവയാണ് പരിഗണനയിലുള്ള പ്രധാന റൂട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ബേസിൻ ബ്രിഡ്ജിലെ മെക്കാനിക്കൽ വിഭാഗത്തിനും നിർദേശം ലഭിച്ചിട്ടുണ്ട്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങുന്ന വന്ദേ സ്ലീപ്പർ ട്രെയിനുകളുടെ പരിശോധനകൾ പൂർത്തിയാക്കി കമ്മിഷൻ ചെയ്യുന്നത് ബേസിൻ ബ്രിഡ്ജ് യാർഡിലായിരിക്കും.
പൂർണമായും ശീതീകരിച്ച 16 കോച്ച് വന്ദേ സ്ലീപ്പർ ട്രെയിനിൽ 823 ബർത്തുകളാണുള്ളത്. നിലവിൽ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) നാല് വന്ദേ സ്ലീപ്പർ ട്രെയിനുകളാണ് നിർമിക്കുന്നത്. ഇതിൽ രണ്ടെണ്ണം പുറത്തിറങ്ങി. ഹൗറ–കമാഖ്യ റൂട്ടിൽ രണ്ട് വന്ദേ സ്ലീപ്പർ സർവീസുകൾ നിലവിൽ നടത്തുന്നുണ്ട്. ഈ വർഷം രണ്ട് ട്രെയിനുകൾ കൂടി പുറത്തിറങ്ങും. ഇവ മുംബൈ–ബെംഗളൂരു റൂട്ടിലാകും സർവീസ് നടത്തുക.
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് ആദ്യഘട്ടത്തിൽ 10 വന്ദേ സ്ലീപ്പർ റേക്കുകൾ നിർമിക്കാനുള്ള കരാറാണുള്ളത്. ഇതിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം ഈ വർഷം പുറത്തിറങ്ങും. നിലവിൽ ഐസിഎഫിൽ നിർമിക്കുന്ന വന്ദേ ഭാരത് പദ്ധതിയിലെ എട്ട്, 16, 20 കോച്ച് ചെയർ കാർ റേക്കുകളിൽനിന്ന് 16 കോച്ചുകളുള്ള 10 റേക്കുകളാണ് വന്ദേ സ്ലീപ്പറുകളാക്കി മാറ്റുന്നത്.
രാജ്യത്തിന്റെ ന്യൂജൻ ട്രെയിൻ എന്ന വിശേഷണത്തോടെ അവതരിപ്പിച്ച വന്ദേ ഭാരതിന്റെ നിർമാണം 100 റേക്കുകൾ പിന്നിട്ടതോടെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. രാജ്യത്തെ പ്രധാന റൂട്ടുകളിലേറെയും വന്ദേ ഭാരത് സർവീസുകൾ എത്തിയ സാഹചര്യത്തിലാണ് റെയിൽവേയുടെ ശ്രദ്ധ അമൃത് ഭാരത് ട്രെയിനുകളിലേക്കും വന്ദേ സ്ലീപ്പറുകളിലേക്കും മാറുന്നത്.




