കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ കുട്ടിക്കാണ് പിതാവിന്റെ ബന്ധുക്കളിൽ നിന്ന് പീഡനം നേരിട്ടത്. സംഭവത്തിൽ പിതൃസഹോദരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു.
വാച്ച് കാണാതായതിനെ തുടർന്ന് കുട്ടിയെ സംശയിച്ച ബന്ധുക്കൾ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു. കൈകാലുകൾ കെട്ടിയിട്ടെന്നും കണ്ണിൽ മുളകുവെള്ളം ഒഴിച്ചെന്നും നഖത്തിൽ ഈർക്കിൽ കയറ്റിയെന്നും പരാതിയുണ്ട്.
രാത്രി 11 മണിയോടെ കൈകാലുകളിലെ കെട്ടിന്റെ മുറുക്കം കുറഞ്ഞപ്പോൾ കുട്ടി രക്ഷപ്പെടുകയായിരുന്നു. ടെറസിനോട് ചേർന്ന കവുങ്ങിലൂടെ ഊർന്നിറങ്ങിയ കുട്ടിയെ പിന്നീട് ഒരു വഴിയാത്രക്കാരൻ കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
ആഗസ്റ്റ് ആറിനാണ് സംഭവം നടന്നത്. അന്ന് പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ശിശുക്ഷേമ സമിതി ഇടപെട്ടതിനെ തുടർന്നാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. മോഷണം പോയതായി പറഞ്ഞ വാച്ച് പിന്നീട് കണ്ടെത്തുകയും ചെയ്തു.
കുട്ടിയെ പീഡിപ്പിച്ചയാൾ, ഭാര്യ, മകൻ എന്നിവർക്കെതിരെയാണ് കേസ്. മർദ്ദനം, ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിക്കും കുടുംബത്തിനും കൗൺസിലിംഗ് നൽകിയ ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിയുടെ താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.


