കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.
ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജാൻമണിയുടെ പരാമർശം. പ്രധാനമന്ത്രിയെയും മാതാവിനെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പരാമർശമെന്നാണ് പരാതി. സംഭവം വിവാദമായതോടെ ജാൻമണി സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല പരാമർശമെന്നും പരസ്യമായി ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
എന്നാൽ ജാൻമണിയുടെ മാപ്പ് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് മഹിളാ മോർച്ച സ്വീകരിച്ചത്. തെറ്റ് ചെയ്തതിന് ശേഷം മാപ്പ് പറഞ്ഞാൽ മാത്രം വിഷയം അവസാനിക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
അതേസമയം, സംഭവത്തിൽ ജാൻമണി വിശദീകരണവും നൽകിയിരുന്നു. ഡൽഹിയിലെ ഒരു കണ്ടന്റ് കണ്ടതിന് പിന്നാലെ മാധ്യമങ്ങൾ ചോദിച്ചപ്പോൾ അതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നുവെന്നാണ് ജാൻമണി പറഞ്ഞത്. തന്റെ മലയാളം ചിലപ്പോൾ ശരിയാകാറില്ലെന്നും പരാമർശം വലിയ വിവാദമായതായി പിന്നീട് സുഹൃത്തുക്കൾ വിളിച്ചാണ് അറിഞ്ഞതെന്നും അവർ വ്യക്തമാക്കി.
വിവാദമായതോടെ തന്റെ വീഡിയോ പ്രചരിപ്പിച്ചവരോട് അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായും ജാൻമണി പറഞ്ഞു. സംഭവത്തിന് പിന്നാലെ നിരവധി ഭീഷണി കോളുകളും സന്ദേശങ്ങളും ലഭിച്ചതായും അവർ ആരോപിച്ചു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല പരാമർശമെന്നും പ്രധാനമന്ത്രിയുടെ മാതാവിനെക്കുറിച്ചല്ല താൻ സംസാരിച്ചതെന്നും ജാൻമണി വിശദീകരിച്ചു.













