കോഴിക്കോട്: സസ്പെൻഷൻ പിൻവലിച്ച് എസിപി എ. ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ കോഴിക്കോട് കോൺഗ്രസിൽ അതൃപ്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷാജിർ അറാഫത്തും നിജേഷ് അരവിന്ദും പരസ്യപ്രതികരണവുമായി രംഗത്തെത്തി.
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐഎമ്മുമായി ഉമേഷ് ഒത്തുകളിച്ചെന്നും കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കാൻ സാഹചര്യമൊരുക്കിയെന്നുമാണ് നേതാക്കളുടെ ആരോപണം. ഇത്തരം ആരോപണങ്ങൾ നിലനിൽക്കെ ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ നിലപാട്.
ചേവായൂർ ബാങ്കിന്റെ ഭരണം കോൺഗ്രസിന് നഷ്ടമായത് തെരഞ്ഞെടുപ്പിനിടെ ഉമേഷ് സിപിഐഎമ്മുമായി ഒത്തുകളിച്ചതിനെ തുടർന്നാണെന്നും കള്ളവോട്ട് ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥൻ സൗകര്യമൊരുക്കിയെന്നും നേതാക്കൾ ആരോപിച്ചു. പഴയ കാര്യങ്ങൾ മറന്നുകൊണ്ട് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, പാലക്കാട് ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ പീഡന പരാമർശത്തെ തുടർന്ന് 2025 നവംബർ 30നാണ് ഉമേഷിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് പരാതിക്കാരിയായ യുവതി മൊഴി മാറ്റിയതോടെ ഉമേഷിനെതിരായ കേസിന് നിയമപരമായ നിലനിൽപ്പില്ലാതായെന്നാണ് സർക്കാർ നിലപാട്.
സസ്പെൻഷന് കാരണമായ കേസ് നിലനിൽക്കാത്ത സാഹചര്യത്തിൽ സർവീസിൽ തിരിച്ചെത്താൻ ഉമേഷിന് അവകാശമുണ്ടെങ്കിലും ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിലെ ഒരു വിഭാഗം എതിർപ്പ് ഉന്നയിക്കുന്നത്.
2024 നവംബർ 16ന് നടന്ന ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതല ഹൈക്കോടതി ഉത്തരവ് പ്രകാരം അന്നത്തെ അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷിനായിരുന്നു. തെരഞ്ഞെടുപ്പ് ദിവസം പുലർച്ചെ സിപിഐഎം പ്രവർത്തകർ വ്യാജ തിരിച്ചറിയൽ കാർഡുകളുമായി എത്തി കള്ളവോട്ട് നടത്തിയെന്നും ബൂത്ത് കയ്യേറിയെന്നും ആരോപണം ഉയർന്നിരുന്നു. പൊലീസ് അക്രമികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
സംഭവത്തിൽ പൊലീസ് വീഴ്ചയുണ്ടായെന്ന പരാതികൾ പരിശോധിക്കാൻ ആഭ്യന്തരമന്ത്രി ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് സുരക്ഷയിൽ മെഡിക്കൽ കോളേജ് പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന പരാതികളാണ് അന്വേഷണ പരിധിയിലുള്ളത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. കോഴിക്കോട് എംപി എം.കെ. രാഘവൻ, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.











