ഓണത്തിന് വത്യസ്തമായി തയ്യാറാക്കാവുന്നതാണ് പൈനാപ്പിൾ– ചൗവ്വരി പായസം. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഈ പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
1 പൈനാപ്പിൾ – 2 കപ്പ്, ചെറുതായി അരിഞ്ഞത്
- ചൗവ്വരി – ½ കപ്പ്
- ശർക്കര – 1½–കപ്പ്
- രണ്ടാംപാൽ – 2 കപ്പ്
- കട്ടിയുള്ള തേങ്ങാപ്പാൽ – 1 കപ്പ്
- കണ്ടൻസ്ഡ് മിൽക്ക് – ½ കപ്പ്
- ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ
- ചുക്ക്പ്പൊടി – ½ ടീസ്പൂൺ
- ജീരകപ്പൊടി -1/2ടീസ്പൂൺ
- വാനില എസൻസ് – ½ ടീസ്പൂൺ
- നെയ്യ് – 1 ടേബിൾസ്പൂൺ
- കശുവണ്ടി – ആവശ്യത്തിന്
- ഉണക്കമുന്തിരി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തിൽ രണ്ട് സ്പൂൺ നെയ്യൊഴിക്കുക. അതിലേക്ക് പൈനാപ്പിൾ കഷ്ണങ്ങൾ ഇടുക. ഇത് നന്നായി ഇളക്കിയതിന് ശേഷം ശർക്കര ഉരുക്കി അരിച്ചെടുത്ത് ഇതിലേക്ക് ചേർക്കാം. അതുകഴിഞ്ഞ് വെള്ളത്തിൽ കുതിർത്ത് വെച്ച ചൗവ്വരി ഇതിലേക്ക് ചേർക്കാം. ശേഷം രണ്ടാം പാൽ ഒഴിച്ച് നന്നായി വേവിക്കണം. കുറുകിയ ശേഷം കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം. തീ കുറച്ച ശേഷം കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കാതെ ചൂടാക്കണം.
ജീരകപ്പൊടിയും, ചുക്ക്പൊടിയും, ഏലയ്ക്കാപ്പൊടിയും വാനില എസൻസും ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് മാറ്റാം. നെയ്യിൽ വറുത്ത കശുവണ്ടിയും ഉണക്ക മുന്തിരിയും ചേർത്ത് അലങ്കരിക്കാം. ചൂടോടെയോ തണുപ്പിച്ചോ ഇത് കുടിക്കാവുന്നതാണ്. പൈനാപ്പിളിന്റെ മധുരവും നേരിയ പുളിയും ശർക്കരയുടെ നാടൻ രുചിയും തേങ്ങാപ്പാലിന്റെ സമൃദ്ധിയും ചേരുന്ന ഈ പൈനാപ്പിൾ– ചൗവ്വരി പായസം ഓണസദ്യയ്ക്ക് വ്യത്യസ്തമായൊരു മധുരവിഭവമാണ്.


