ഓണക്കളികൾ ഇല്ലാതെ ഓണാഘോഷം പൂർണമാകില്ല. അതിൽ പ്രധാനമാണ് വടംവലി. വടത്തിന്റെ ഇരുവശങ്ങളിലും നിന്ന് രണ്ട് ടീമുകൾ പരമാവധി ശക്തിയോടെ വലിക്കുന്ന ഈ മത്സരം കാണാനും പങ്കെടുക്കാനും ഏറെ ആവേശകരമാണ്. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ പരിപാടി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പുറംവേദന, പരിക്ക്, കൈ-തോൾ പരിക്ക്, മുട്ടുവേദന, കാൽവഴുതി വീഴൽ, ക്ഷീണം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
ശരിയായ പരിശീലനമില്ലാതെ ഓണാഘോഷങ്ങളുടെ ഭാഗമായി കൂട്ടുകാരോടൊപ്പം പെട്ടെന്ന് വടംവലിയിൽ പങ്കെടുക്കുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. പഠനങ്ങളിൽ വടംവലിയുമായി ബന്ധപ്പെട്ട പരിക്കുകളിൽ മസിൽ സ്ട്രെയിൻ, സ്പ്രെയിൻ എന്നിവയാണ് കൂടുതലായി കാണപ്പെടുന്നത്. പുറം, തോൾ-കൈ ഭാഗങ്ങൾ, മുട്ട് എന്നിവയാണ് സാധാരണയായി പരിക്കേൽക്കുന്ന പ്രധാന ഭാഗങ്ങൾ. മുമ്പ് പുറംവേദനയോ നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങളോ ഉണ്ടായിരുന്നവർ കൂടുതൽ ശ്രദ്ധിക്കണം.
വടംവലിയിലെ ചില സന്ദർഭങ്ങളിൽ നാഡീ പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ വടം കൈയിലോ ശരീരഭാഗങ്ങളിലോ അപകടകരമായ രീതിയിൽ ചുറ്റുന്നത് ഒഴിവാക്കണം. വടംവലിക്കിടെ കാലുകൾ നിലത്ത് ഉറപ്പിച്ച് നിൽക്കേണ്ടതിനാൽ മുട്ടിനും കണങ്കാലിനും വലിയ സമ്മർദ്ദമുണ്ടാകും. വഴുക്കുന്ന മൈതാനത്ത് കളിക്കുമ്പോൾ ബാലൻസ് നഷ്ടപ്പെട്ട് വീഴാനും മുട്ടിനും കണങ്കാലിനും പരിക്കേൽക്കാനും സാധ്യതയുണ്ട്.
ഒരു ടീം പെട്ടെന്ന് ശക്തി നഷ്ടപ്പെടുകയോ കയർ അപ്രതീക്ഷിതമായി വിട്ടുപോകുകയോ ചെയ്താൽ പിന്നിലേക്ക് വീഴാം. കൂട്ടമായി നിൽക്കുന്നതിനാൽ ഒരാൾ വീണാൽ മറ്റുള്ളവർക്കും പരിക്കേൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് മത്സരസ്ഥലം സമതലമായതും വഴുക്കാത്തതുമാകണം. സമീപത്ത് കല്ലുകൾ, കുഴികൾ, തടസ്സങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പാക്കണം.


