ന്യൂഡൽഹി: ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യു.എസ്. കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) നിർദേശത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. USCIRF-ന്റെ പരാമർശങ്ങൾ അപകീർത്തികരവും പ്രകോപനപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ പറഞ്ഞു.
പക്ഷപാതപരമായ നിലപാടുള്ള സംഘടനയാണ് USCIRF എന്നും സംഘടനയ്ക്ക് പ്രത്യേക അജണ്ടകളുണ്ടെന്നും ജയ്‌സ്‌വാൾ ആരോപിച്ചു. ഇത്തരം സംഘടനകൾക്ക് വിശ്വാസ്യതയില്ലെന്നും അതിനാൽ അവയുടെ നിലപാടുകളിൽനിന്ന് ഇന്ത്യ അകലം പാലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ബഹുസ്വര സ്വഭാവവും വിവിധ വിഭാഗങ്ങൾക്കിടയിലെ സൗഹാർദപരമായ ബന്ധങ്ങളും USCIRF അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജയ്‌സ്‌വാൾ പറഞ്ഞു.
പാകിസ്താനിൽ ജനിച്ച അമേരിക്കൻ പൗരനും പാകിസ്താൻ ഭരണകൂടവുമായി അടുത്ത ബന്ധമുള്ളയാളുമാണ് USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. നേരത്തെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ യു.എസ്. സന്ദർശനം വിലക്കണമെന്നും ആസിഫ് മഹ്‌മൂദ് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 29ന് ന്യൂയോർക്കിൽ നടക്കുന്ന ‘യൂണിവേഴ്‌സൽ വൺനെസ് സെലിബ്രേഷൻ’ പരിപാടിയിൽ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് എത്തുന്നത്.
മോഹൻ ഭാഗവതിന്റെ സന്ദർശനത്തിന് പിന്നാലെയാണ് ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ്. സർക്കാരിനോട് ആവശ്യപ്പെട്ടത്. ആർഎസ്എസ് നേതാക്കൾക്ക് നയതന്ത്രപരമായ ആദരവുകൾ നൽകരുതെന്നും ആസിഫ് മഹ്‌മൂദ് ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തിയ ഉപവിഭാഗങ്ങളുള്ള ഏകോപിത സംഘടനയാണ് ആർഎസ്എസ് എന്നും അദ്ദേഹം ആരോപിച്ചു.
ക്രിസ്ത്യാനികളും മുസ്‌ലിംകളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസുമായി ബന്ധമുള്ള ഉപവിഭാഗങ്ങളുണ്ടെന്നും അതിനാൽ ആർഎസ്എസ് നേതാക്കൾക്ക് ഉന്നതതല കൂടിക്കാഴ്ചകളോ നയതന്ത്രപരമായ പരിഗണനകളോ നൽകരുതെന്നും USCIRF കമ്മിഷണർ ജീൻ മിൽസ് എക്‌സിലൂടെ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് അംഗമാണെന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദിന്റെ പരാമർശവും മിൽസ് ചൂണ്ടിക്കാട്ടി.
യു.എസ്. ഫെഡറൽ സർക്കാരിന് കീഴിലുള്ള സ്വതന്ത്ര ഏജൻസിയാണ് USCIRF. യു.എസ്. പ്രസിഡന്റ്, സ്റ്റേറ്റ് സെക്രട്ടറി, കോൺഗ്രസ് എന്നിവയ്ക്ക് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നയപരമായ ശുപാർശകൾ നൽകുന്നതോടൊപ്പം അവ നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതും കമ്മിഷന്റെ ചുമതലയാണ്.
ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ USCIRF നേരത്തെയും വിമർശനം ഉന്നയിച്ചിട്ടുണ്ട്. മാർച്ചിൽ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ (Country of Particular Concern) ആയി പ്രഖ്യാപിക്കണമെന്ന് യു.എസ്. സർക്കാരിനോട് USCIRF ശുപാർശ ചെയ്തിരുന്നു.




