തൃശൂർ: ഗവർണർ രാജേന്ദ്ര അർലേക്കർ അധികാരപരിധി ലംഘിച്ച് പ്രവർത്തിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയ നടപടി ഒറ്റപ്പെട്ട സംഭവമല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും സർക്കാരിന്റെ അധികാരപരിധിയിലേക്ക് കടന്നുകയറുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഒഴുക്കൻ മറുപടിയാണെന്നും പിണറായി വിമർശിച്ചു. അന്നത്തെ എൽഡിഎഫ് സർക്കാർ ഗവർണറുടെ ഇടപെടലിനെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. സർക്കാരിന്റെ അധികാരത്തിൽ ഗവർണർ ഇടപെടുന്നതിനെ അന്ന് ശക്തമായി എതിർത്തു. വിഷയത്തിൽ എൽഡിഎഫ് സർക്കാർ ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നത് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാർ തുടർച്ചയായി സംഘപരിവാറിന് വിധേയമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പിണറായി ആരോപിച്ചു. ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചാൽ അത് വലിയ സന്ദേശമാകുമായിരുന്നു. എന്നാൽ സർക്കാർ അതിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിസിക്കെതിരെയും വിമർശനം
കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിനെതിരെയും പിണറായി വിജയൻ വിമർശനം ഉന്നയിച്ചു. വിദ്യാർഥികൾ വിസിയെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടും വിഷയത്തിൽ നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഐഷി ഘോഷിനെ തടഞ്ഞ സംഭവത്തിലും സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണെന്നും പിണറായി ആരോപിച്ചു.
ക്ഷേമപെൻഷനും സാമ്പത്തിക സ്ഥിതിയും
ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് ലഭിക്കുമോ എന്ന കാര്യത്തിൽ പോലും സർക്കാരിന് വ്യക്തതയില്ലെന്നും പിണറായി പറഞ്ഞു. മൂന്ന് മാസം കൊണ്ട് സംസ്ഥാനത്തിന്റെ ധനസ്ഥിതി മാറ്റിക്കാണിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാൽ മൂന്ന് മാസം പിന്നിടുമ്പോഴേക്കും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കവിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇനി ശേഷിക്കുന്ന മാസങ്ങളിലെ കടമെടുപ്പ് പരിധി 2,022 കോടി രൂപ മാത്രമാണെന്നും ഇത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും പിണറായി പറഞ്ഞു. മുമ്പ് കടമെടുക്കുന്നതിനെ വിമർശിച്ച മുഖ്യമന്ത്രി തന്റെ നിലപാട് തെറ്റായിരുന്നെന്ന് സമ്മതിക്കാൻ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. കടമെടുക്കുന്നത് നല്ലതാണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
‘പൂമ്പാറ്റ പൂവറിയാതെ തേൻ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും’ എന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇപ്പോൾ പൂവുമില്ല, പൂമ്പാറ്റയുമില്ല, തേനും ഇല്ല; കടം മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും പിണറായി പരിഹസിച്ചു.
അധികാരമൊഴിയുമ്പോൾ 6,000 കോടി രൂപ മിച്ചമുള്ള ഖജനാവാണ് എൽഡിഎഫ് സർക്കാർ കൈമാറിയതെന്നും പിണറായി വിജയൻ അവകാശപ്പെട്ടു.




