കണ്ണൂർ: കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റ് കേസുകളിൽ റിമാൻഡിൽ കഴിയുന്നതിനാൽ ജാമ്യം ലഭിച്ചെങ്കിലും അർജുൻ ആയങ്കിക്ക് ജയിൽ മോചിതനാകാനാകില്ല. കാപ്പ നിയമപ്രകാരമുള്ള കേസുൾപ്പെടെ മൂന്ന് കേസുകളിലാണ് നിലവിൽ അർജുൻ റിമാൻഡിലുള്ളത്.
കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ സമർപ്പിച്ച പ്രത്യേക ശുപാർശ ജില്ലാ കളക്ടർ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അർജുന് ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്.
ആഭ്യന്തര മന്ത്രിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കണ്ണൂർ സൈബർ ക്രൈം പൊലീസ് അർജുൻ ആയങ്കിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് ആദ്യം അറസ്റ്റ് രേഖപ്പെടുത്തിയത്. തലശ്ശേരി സബ് ജയിലിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടിൽ നിന്നാണ് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതോടെ അർജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി.
ഇതിനിടെയാണ് കോതമംഗലം സി.ഐയെ ഭീഷണിപ്പെടുത്തിയെന്ന കേസിലും അർജുൻ ആയങ്കിയെ വീണ്ടും റിമാൻഡ് ചെയ്തത്. ഇതിന് പുറമെ മറ്റ് കേസുകളിലും നിയമനടപടികൾ തുടരുകയാണ്.




