ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലി ഗംഗൈകൊണ്ടനിൽ ബസിനുള്ളിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി വാഴവര സ്വദേശി ഷാജി കൃഷ്ണൻ (60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഊട്ടിയിൽ നിന്ന് നാഗർകോവിലിലേക്ക് സർവീസ് നടത്തുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സ്ലീപ്പർ ബസിൽ തിരുപ്പൂരിൽ നിന്നാണ് ഷാജി കൃഷ്ണൻ യാത്ര ആരംഭിച്ചത്. രാത്രി ബസിലെ ലൈറ്റുകൾ അണച്ചതോടെ യാത്രക്കാർ കിടന്നുറങ്ങി.
രാവിലെ ഗംഗൈകൊണ്ടനിൽ ബസ് നിർത്തി ലൈറ്റുകൾ തെളിച്ചപ്പോഴാണ് യാത്രക്കാരിലൊരാളെ മുകളിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു.
മൃതശരീരം തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












