റായ്പുര്‍: മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടി തടസ്സപ്പെടാതിരിക്കാന്‍ താന്‍ നാരങ്ങ മുറിച്ച് മഴ മാറ്റിനിര്‍ത്തിയെന്ന അവകാശവാദവുമായി ബിജെപി എംപി. ഛത്തീസ്ഗഡിലെ കാങ്കര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ഭോഗ്രാജ് നാഗിന്റെ പരാമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സംഭവം വൈറലായതോടെ ബിജെപി അന്ധവിശ്വാസ പാര്‍ട്ടി ആണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഭോഗ്രാജ് ഈ കഴിവ് ഉപയോഗിച്ച് വിപണിയിലെ വിലക്കയറ്റം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.
ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലെ ലാല്‍ രഘുവീര്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന ‘മഹ്താരി വന്ദന സമ്മാന്‍’ ചടങ്ങിനിടയിലാണ് സംഭവം. മുഖ്യമന്ത്രി വിഷ്ണുദേവ് സായിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് മഴ കാരണം തടസ്സപ്പെടാതിരിക്കാന്‍ താന്‍ മഴ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും, ആ പ്രാര്‍ത്ഥന ഫലം കാണുന്നതിനായി ഒരു നാരങ്ങ മുറിക്കുകയുമായിരുന്നുവെന്ന് ഭോഗ്രാജ് നാഗ് ചടങ്ങില്‍ പറഞ്ഞു. പരിപാടിക്ക് തടസ്സമില്ലാതെ മഴ മാറിനില്‍ക്കാന്‍ വേണ്ടിയാണ് താന്‍ ഈ വിദ്യ ചെയ്തതെന്നും, വേണമെങ്കില്‍ തനിക്ക് ഇപ്പോള്‍ വീണ്ടും മഴ പെയ്യിക്കാൻ സാധിക്കുമെന്നും അദ്ദേഹം വേദിയില്‍ വെച്ച് പറഞ്ഞു. എംപി പറയുന്നത് കേട്ട് അവിടെയുണ്ടായിരുന്ന മറ്റ് നേതാക്കൾ ചിരിക്കുകയും ചെയ്യുന്നുണ്ട്.



