കോഴിക്കോട്: വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് ഉടൻ ഇറക്കും. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡിഎഫ്ഒ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. കളക്ടർ റിപ്പോർട്ട് മേലധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച സുനിലിന്റെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ഉടൻ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. കുടുംബം തയ്യാറാണെങ്കിൽ ആദ്യ ഗഡു ഇന്ന് തന്നെ നൽകും. പ്രദേശത്ത് ഫെൻസിംഗ് പൂർത്തിയാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ചയാണ് വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സുനിൽ കൊല്ലപ്പെട്ടത്. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പോത്ത് തിരിഞ്ഞെത്തി സുനിലിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുനിലിന്റെ മരണത്തെ തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിനിടെ ഡിഎഫ്ഒയെ നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് കെ.എം. അഭിജിത്ത് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
നഷ്ടപരിഹാരം സംബന്ധിച്ച് ജില്ലാ കളക്ടറുമായി ഇന്ന് ചർച്ച നടക്കും. ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സുനിലിന്റെ മൃതദേഹം ശനിയാഴ്ച രാത്രി ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.




