കൊച്ചി: സ്വർണ്ണത്തിലും വെള്ളിയിലും ഗ്രാം അടിസ്ഥാനത്തിൽ ഡിജിറ്റലായി നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന ഷാഗുൻ എസ്ഐപിയുമായി ആക്സിസ് മ്യൂച്വൽ ഫണ്ട്. ഗ്രാം അടിസ്ഥാനത്തിൽ ഡിജിറ്റലായി നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന ആദ്യത്തെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് ഫീച്ചറാണിത്. ആക്സിസ് ഗോൾഡ് ഫണ്ട്, ആക്സിസ് സിൽവർ ഫണ്ട് ഓഫ് ഫണ്ട് എന്നീ സ്കീമുകളിലൂടെയാണ് നിക്ഷേപിക്കാൻ സാധിക്കുന്നത്.
ഷാഗുൻ എസ്ഐപി വഴി പരമാവധി 25 കിലോ സ്വർണ്ണവും 50 കിലോ വരെ വെള്ളിയും നിക്ഷേപകർക്ക് സ്വരൂപിക്കാം. ഈ സ്കീമുകളിലൂടെ നടത്തുന്ന നിക്ഷേപങ്ങളിൽ സ്വർണ്ണത്തിന് 99.5 ശതമാനവും വെള്ളിക്ക് 99.9 ശതമാനവും പരിശുദ്ധി ഉറപ്പുനൽകുന്നു.
സ്വർണ്ണമോ വെള്ളിയോ വാങ്ങുമ്പോഴുള്ള പണിക്കൂലി, സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുകൾ, സുരക്ഷാ ആശങ്ക, പരിശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങൾ എന്നിവ ഇവിടെ ഒഴിവാക്കാം. ചെറിയ തുകകളായി സ്ഥിരമായി നിക്ഷേപിക്കാൻ സാധിക്കുന്നതിനാൽ, കാലക്രമേണ വിപണി വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നിക്ഷേപച്ചെലവ് ശരാശരിയാക്കാനും നിക്ഷേപകർക്ക് സാധിക്കും. വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾക്കായി ഒരു നിശ്ചിത അളവ് സ്വർണ്ണമോ വെള്ളിയോ ലക്ഷ്യം വെച്ച് ഉപഭോക്താക്കൾക്ക് നിക്ഷേപം ആരംഭിക്കാം. ആക്സിസ് മ്യൂച്വൽ ഫണ്ടിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ സൗകര്യം ലഭ്യമാണ്.


