കോഴിക്കോട്: താമരശ്ശേരിയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ഉടമയറിയാതെ ക്രെയിനിൽ കയറ്റി കൊണ്ടുപോയി ആക്രിയായി വിൽപ്പന നടത്തി. ചുങ്കം കയ്യേലിക്കുന്നുമ്മൽ സ്വദേശി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷണം പോയത്. വഴിയരികിൽ പഴക്കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന വാഹനമാണിത്.
കച്ചവടസ്ഥലത്തുനിന്ന് വാഹനം അപ്രതീക്ഷിതമായി കാണാതായതോടെയാണ് ഫൈസൽ തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഗുഡ്‌സ് ഓട്ടോ ക്രെയിനിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്രെയിൻ ഉടമയെ ബന്ധപ്പെട്ടതോടെയാണ് വാഹനം ആക്രിയായി മറ്റൊരാൾക്ക് 10,000 രൂപയ്ക്ക് വിറ്റതായി വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം മഞ്ചേരി ഭാഗത്തേക്ക് കടത്തിയതായി കണ്ടെത്തി.
പ്രദേശവാസികളുടെ സഹായത്തോടെ ഫൈസൽ മോഷ്ടാക്കളെയും വാഹനം കടത്താൻ ഉപയോഗിച്ച ക്രെയിനും കണ്ടെത്തി. ഇരുവരെയും ക്രെയിനും താമരശ്ശേരി പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


