കോഴിക്കോട്: സിപിഐയെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. ‘രാഷ്ട്രീയം മാറാതെ മുന്നണി മാറാം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുതിർന്ന ലീഗ് നേതാവ് കെഎൻഎ ഖാദർ സിപിഐയുടെ മുന്നണിമാറ്റ സാധ്യത സംബന്ധിച്ച് നിലപാട് വ്യക്തമാക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില ചൂണ്ടിക്കാട്ടിയാണ് സിപിഐയുമായി സഹകരിച്ച് എൽഡിഎഫിനെ ദുർബലപ്പെടുത്താനുള്ള സാധ്യത ലേഖനം മുന്നോട്ടുവയ്ക്കുന്നത്.
പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചില്ലെങ്കിൽ രാജ്യസഭാ സീറ്റ് സിപിഐഎമ്മിന് നഷ്ടപ്പെടുത്താൻ സിപിഐ ശ്രമിച്ചേക്കാമെന്നാണ് ലേഖനത്തിലെ വിലയിരുത്തൽ. രണ്ട് സ്ഥാനാർഥികളെ രാജ്യസഭയിലേക്ക് വിജയിപ്പിച്ച ശേഷവും യുഡിഎഫിന് 30 ഫസ്റ്റ് വോട്ടുകൾ ബാക്കിയാകുമെന്നും സിപിഐയ്ക്ക് എട്ട് വോട്ടുകൾ ഉണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഈ വോട്ടുകൾ തന്ത്രപരമായി വിനിയോഗിച്ചാൽ യുഡിഎഫിന് ഒരാളെക്കൂടി രാജ്യസഭയിലെത്തിക്കാനാകുമെന്നും കെഎൻഎ ഖാദർ പറയുന്നു.
ഇതിലൂടെ നിയമസഭയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 110 ആയി ഉയർത്താനും ഏകപക്ഷീയമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനാകുമെന്നും ലേഖനത്തിൽ പറയുന്നു. അത്തരമൊരു സാഹചര്യം എൽഡിഎഫ് മുന്നണിയിൽ വലിയ വിള്ളലിന് വഴിയൊരുക്കുമെന്നും ചന്ദ്രികയിലെ ലേഖനം വിലയിരുത്തുന്നു.
യുഡിഎഫുമായി സഹകരിച്ചാലും സിപിഐയുടെ നിലവിലെ രാഷ്ട്രീയ നിലപാടുകൾക്ക് കാര്യമായ ക്ഷതം സംഭവിക്കില്ലെന്നും ലേഖനം വാദിക്കുന്നു. ദേശീയതലത്തിൽ സിപിഐ ഉൾപ്പെടുന്ന ഇന്ത്യാ സഖ്യം തുടരുന്നതിനൊപ്പം കേരളത്തിലും കോൺഗ്രസുമായി സഹകരിക്കാൻ കഴിയുമെന്നും കെഎൻഎ ഖാദർ ചൂണ്ടിക്കാട്ടുന്നു. സിപിഐഎം കേരള ഘടകത്തിന്റെ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്നതും സിപിഐയ്ക്ക് ആശ്വാസകരമാകുമെന്ന് ലേഖനം പറയുന്നു.
‘രാഷ്ട്രീയ ലക്ഷ്യം മാറാതെ മുന്നണി മാറാൻ ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾക്ക് സംസ്ഥാനങ്ങളിൽ സൗകര്യമുള്ള കാലമാണിത്’ എന്ന നിലപാടും ലേഖനത്തിൽ മുന്നോട്ടുവയ്ക്കുന്നു. മുന്നണി മാറ്റം ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ കാര്യമല്ലെന്നും ബംഗാൾ മുതൽ തമിഴകം വരെയുള്ള സംസ്ഥാനങ്ങളിൽ സമീപകാലത്ത് ഇത്തരം രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കെഎൻഎ ഖാദർ ചൂണ്ടിക്കാട്ടുന്നു.
സിപിഐയും സിപിഐഎമ്മും തമ്മിലുള്ള തർക്കം കേവലം പാർലമെന്ററി പദവികളുമായി ബന്ധപ്പെട്ടതല്ലെന്നും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതകൾ നിലനിൽക്കുന്നുണ്ടെന്നും ലേഖനം പറയുന്നു. സിപിഐഎമ്മിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നേരിടാനുള്ള ശക്തമായ വാദങ്ങൾ സിപിഐയുടെ കൈവശമുണ്ടെന്നും അണികൾക്ക് ഇക്കാര്യം നേതൃത്വത്തേക്കാൾ ബോധ്യമുണ്ടെന്നും ലേഖനം വിലയിരുത്തുന്നു.
1964ലെ സിപിഐ പിളർപ്പിനെയും ലേഖനം പരാമർശിക്കുന്നു. അന്ന് രൂപീകരിക്കപ്പെട്ട സിപിഐഎമ്മിനെതിരെ സിപിഐ തുടർന്നും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും പിളർപ്പിന് കാരണമായ വിഷയങ്ങളിൽ സിപിഐയുടെ നിലപാടിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും ചന്ദ്രിക പറയുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണത്തെക്കുറിച്ച് ഇടയ്ക്കിടെ ചർച്ചകൾ ഉയരാറുണ്ടെങ്കിലും സിപിഐ സിപിഐഎമ്മിൽ ലയിക്കുന്ന സാഹചര്യം യാഥാർഥ്യമാകില്ലെന്നും ലേഖനം അഭിപ്രായപ്പെടുന്നു. സിപിഐഎമ്മുമായുള്ള ചർച്ചകളിൽ പ്രത്യയശാസ്ത്രപരമായ വാദങ്ങളേക്കാൾ അവസരത്തിനനുസരിച്ചുള്ള രാഷ്ട്രീയ വാദങ്ങളാണ് സിപിഐഎം ഉയർത്തുന്നതെന്നും കെഎൻഎ ഖാദർ ആരോപിക്കുന്നു.
1978ലെ പതിനൊന്നാം പാർട്ടി കോൺഗ്രസിൽ സിപിഐ സ്വീകരിച്ച ചില നിലപാടുകളും ലേഖനം വിമർശനവിധേയമാക്കുന്നു. അന്ന് ധൃതിയിൽ മുന്നോട്ടുവച്ച നിലപാടുകളാണ് സിപിഐയെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കിയതെന്നും അന്ന് പാർട്ടിക്കൊപ്പം നിന്ന ജനങ്ങൾ പോലും ആ നിലപാടുകൾ അംഗീകരിച്ചിരുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു. ‘ചരിത്രം ഇടവേളകളിൽ ആവർത്തിക്കും’ എന്ന സൂചനയോടെയാണ് സിപിഐയുടെ മുന്നണി മാറ്റസാധ്യതയിലേക്കുള്ള ചർച്ചയ്ക്ക് കെഎൻഎ ഖാദർ വിരാമമിടുന്നത്.




