തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച വയോജനക്ഷേമ വകുപ്പില്‍ ജീവനക്കാരുടെ തസ്തികകള്‍ പുനര്‍വിന്യസിച്ചു. പൊതുഭരണ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകളില്‍ നിന്നും പ്രധാന തസ്തികകളായ അഡീഷണല്‍ സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി,സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റുമാര്‍, കംപ്യുട്ടര്‍ അസിസ്റ്റന്റുകള്‍ എന്നിവയാണ് പുനര്‍വിന്യസിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
വയോജനക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ ക്ഷേമപദ്ധതികള്‍ക്കുമായി സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ഈ തുക ഉപയോഗിച്ച് വയോജനങ്ങള്‍ക്കായി വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വയോജനങ്ങളുടെ ആവശ്യങ്ങള്‍, കഴിവുകള്‍, ഉപഭോഗശേഷി, തൊഴില്‍/സംരംഭകത്വ സാധ്യതകള്‍ എന്നിവയെ അടിസ്ഥാനമാക്കി രൂപപ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സമഗ്രമേഖലയായ സില്‍വര്‍ എക്കണോമി വകുപ്പിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്.




