കൊച്ചി: കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ പകർപ്പ് പ്രതിക്ക് നൽകിയ സംഭവത്തിൽ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ‘രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഉദ്യോഗസ്ഥർ കാണിക്കുന്നത്’ എന്നായിരുന്നു കോടതിയുടെ പരാമർശം.
പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിയായ ആർ. ചന്ദ്രശേഖരന് അന്നുതന്നെ കൈമാറിയതിനെ കോടതി ചോദ്യം ചെയ്തു. പ്രോസിക്യൂഷൻ അനുമതിയുടെ പകർപ്പ് പ്രതിക്ക് നൽകണമെന്ന് എവിടെയാണ് നിർദേശിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചു.
സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. വാർത്താസമ്മേളനം നടത്തുന്നതിനായി പ്രതിക്ക് ആദ്യം ഉത്തരവിന്റെ പകർപ്പ് നൽകിയെന്നാണ് സർക്കാർ വിശദീകരിച്ചത്. എന്നാൽ പകർപ്പ് ഏത് മാർഗത്തിലൂടെയാണ് കൈമാറിയതെന്ന് കോടതി ചോദിച്ചു.
തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ ഏത് മാർഗമാണ് സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. ഉത്തരവിന്റെ പകർപ്പ് പ്രതിക്ക് കൈമാറിയ രീതിയെക്കുറിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനും കോടതി നിർദേശിച്ചു.
അഴിമതിക്കേസിലെ മറ്റൊരു പ്രതിയായ കെ.എ. രതീഷ് വിവിധ ചുമതലകളിൽ തുടരുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനാണ് കേസിലെ പ്രതികളിലൊരാൾ. പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പാണ് പുറത്തിറക്കിയത്. ഉത്തരവിന്റെ പകർപ്പ് പ്രതിക്ക് ലഭിച്ച സംഭവത്തിൽ നേരത്തെയും കോടതി വിമർശനം ഉന്നയിച്ചിരുന്നു.
തുടർന്ന് ചന്ദ്രശേഖരൻ നടത്തിയ വാർത്താസമ്മേളനത്തിൽ ഉത്തരവിന്റെ പകർപ്പ് ഉപയോഗിച്ച് വിശദീകരണം നൽകിയിരുന്നു. ഇതോടെയാണ് ഉത്തരവ് പ്രതിക്ക് എങ്ങനെ ലഭിച്ചുവെന്നതിൽ കോടതി വിശദീകരണം തേടിയത്.
2006 മുതൽ 2015 വരെ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ അഴിമതി നടത്തിയെന്നും ഇതിലൂടെ കശുവണ്ടി വികസന കോർപ്പറേഷന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്.
സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഖാദി ബോർഡ് സെക്രട്ടറിയായിരുന്ന കെ.എ. രതീഷ് ഒന്നാം പ്രതിയും ആർ. ചന്ദ്രശേഖരൻ മൂന്നാം പ്രതിയുമാണ്.




