പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ലൈഫ് ഭവന പദ്ധതി, വീട് പുനരുദ്ധാരണം തുടങ്ങിയ പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഫണ്ട് ഏറെക്കാലമായി മുടങ്ങിയതോടെയാണ് ക്രമക്കേട് പുറത്തറിയുന്നത്. സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് നടത്തണമെന്ന ആവശ്യം ഉയർന്നു.
തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് നടത്തിയ പരിശോധനയിലാണ് അരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ റാണി ലക്ഷ്മി വ്യാജരേഖകൾ ഉപയോഗിച്ച് ഗുണഭോക്താക്കൾക്കുള്ള ഫണ്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ.
റാണി ലക്ഷ്മി നേരത്തെ ജോലി ചെയ്തിരുന്ന സീതത്തോട് പഞ്ചായത്തിന് പുറമേ നിലവിൽ ജോലി ചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തിലും ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചിറ്റാർ, തണ്ണിത്തോട് പൊലീസ് സ്റ്റേഷനുകളിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസെടുത്തതിന് പിന്നാലെ കോന്നി മ്ലാന്തടത്തുള്ള റാണി ലക്ഷ്മിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. നേരത്തെ ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
തട്ടിയെടുത്ത പണം എവിടേക്കാണ് മാറ്റിയതെന്നും എന്തിനാണ് വിനിയോഗിച്ചതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. മൂന്ന് പഞ്ചായത്തുകളിലെയും രേഖകളും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിച്ചുവരികയാണ്.




