കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ ബി.ബി.എ വിദ്യാർഥി വി.എസ്. ശ്രീഹരിയെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജ് അധികൃതർ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. വിദ്യാർഥിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന.
കോളേജിലെ വിവിധ പരിപാടികളുടെ ഔദ്യോഗിക ചിത്രീകരണ ചുമതല വഹിച്ചിരുന്ന വിദ്യാർഥിയാണ് ശ്രീഹരി. പരിപാടികൾക്കിടെ പകർത്തിയ ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിലാക്കി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചെന്നാണ് പരാതി.
സംഭവം പുറത്തറിഞ്ഞതോടെ കോളേജിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽ ശ്രീഹരിയുടെ മൊബൈൽ ഫോണിൽനിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയതായി കോളേജ് അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെ വിദ്യാർഥിയെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് പോലീസിൽ പരാതി നൽകിയത്.
ശ്രീഹരിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും വിവരങ്ങളും വിശദമായി പരിശോധിച്ച് ചിത്രങ്ങൾ എവിടെനിന്നാണ് തയ്യാറാക്കിയതെന്നും ഏതെല്ലാം പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രചരിപ്പിച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ടെലഗ്രാം ഗ്രൂപ്പുകളുടെ വിവരങ്ങൾ, ചിത്രങ്ങൾ പങ്കുവെച്ച അക്കൗണ്ടുകൾ, ഡിജിറ്റൽ ആശയവിനിമയങ്ങൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാക്കും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, സംഭവത്തിന്റെ ഗൗരവം വ്യക്തമായ ശേഷവും വിദ്യാർഥിയെ ലോക്കൽ ഗാർഡിയനൊപ്പം പോകാൻ കോളേജ് അധികൃതർ അനുവദിച്ചെന്നാരോപിച്ച് ഒരു വിഭാഗം വിദ്യാർഥികൾ കോളേജ് കവാടത്തിൽ പ്രതിഷേധിച്ചു.
കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയതായി ഉമാ തോമസ് എം.എൽ.എ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറെയും സി.ഐയെയും ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.
മോർഫിങ് കേസിൽ ഉൾപ്പെട്ട ബി.ബി.എ വിദ്യാർഥി എസ്. ശ്രീഹരിയെ കോളേജിൽനിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. സംഭവത്തിൽ മറ്റ് വിദ്യാർഥികൾക്ക് പങ്കുള്ളതായി തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.


