തിരുവനന്തപുരം: കേരള സർവകലാശാലയുടെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷന്റെ (എസ്.ഡി.ഇ) പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റിനെതിരെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സർവകലാശാലയുടെ മുന്നറിയിപ്പ്. വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള വ്യാജ പ്രവേശന വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റ് വിദ്യാർഥികളിൽനിന്ന് രജിസ്ട്രേഷനും ഓൺലൈൻ പേയ്മെന്റും സ്വീകരിക്കുന്നതായി സർവകലാശാല അറിയിച്ചു.
വ്യാജ വെബ്സൈറ്റിലൂടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ വിദ്യാർഥികളോടും അപേക്ഷകരോടും ആവശ്യപ്പെട്ടു.
വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വ്യക്തിഗത, അക്കാദമിക് വിവരങ്ങൾ നൽകുകയോ രേഖകൾ അപ്ലോഡ് ചെയ്യുകയോ പണമിടപാട് നടത്തുകയോ ചെയ്യരുതെന്ന് സർവകലാശാല വ്യക്തമാക്കി. അനധികൃത പോർട്ടലുകളിലെ പ്രവേശന വിജ്ഞാപനങ്ങൾ, അപേക്ഷാ ലിങ്കുകൾ, പേയ്മെന്റ് ആവശ്യങ്ങൾ എന്നിവ വ്യാജമായി കണക്കാക്കണമെന്നും അധികൃതർ അറിയിച്ചു.
പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാനും വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിനോ ഫീസ് അടയ്ക്കുന്നതിനോ മുമ്പ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉറപ്പാക്കണമെന്നും വൈസ് ചാൻസലർ അഭ്യർഥിച്ചു. ഔദ്യോഗികമല്ലാത്ത വെബ്സൈറ്റുകളിലൂടെയോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയോ പ്രചരിക്കുന്ന പ്രവേശന വിജ്ഞാപനങ്ങൾ വിശ്വസിക്കരുതെന്നും സർവകലാശാല നിർദേശിച്ചു.
വ്യാജ വെബ്സൈറ്റിലെ രജിസ്ട്രേഷൻ, അപേക്ഷാ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കണം. ആധാർ, ബാങ്കിംഗ് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങളോ അക്കാദമിക് വിവരങ്ങളോ കൈമാറരുത്. സർട്ടിഫിക്കറ്റുകൾ, ഫോട്ടോകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യരുതെന്നും അനധികൃത പോർട്ടലുകളിലൂടെ അപേക്ഷാ ഫീസോ പ്രവേശന ഫീസോ അടയ്ക്കരുതെന്നും സർവകലാശാല മുന്നറിയിപ്പ് നൽകി.
വ്യാജ വെബ്സൈറ്റിലൂടെ ഇതിനകം വിവരങ്ങൾ നൽകിയവരും പണം അടച്ചവരും വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സർവകലാശാലയെയും ബന്ധപ്പെട്ട അധികാരികളെയും വിവരം അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വ്യാജ വെബ്സൈറ്റിനെതിരെ കേരള സർവകലാശാല സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. സർവകലാശാലയുടെ പേര് ദുരുപയോഗം ചെയ്ത് നടക്കുന്ന തട്ടിപ്പ് തടയുന്നതിനും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമുള്ള തുടർനടപടികൾ പുരോഗമിക്കുകയാണെന്നും വൈസ് ചാൻസലർ അറിയിച്ചു.




