ദുബായ്: വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങിനെതിരെ കൂറ്റൻ ജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ജയത്തോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. ഹോങ്കോങിന്റെ മറുപടി വെറും 56 റൺസിൽ അവസാനിച്ചു. 137 റൺസിന്റെ വൻ ജയം. സ്‌കോർ: ഇന്ത്യ – 5ന് 193 (20 ഓവർ). ഹോങ്കോങ് 16.2 ഓവറിൽ 56ന് ഓൾ ഔട്ട്.
സ്മൃതി മന്ധാനയുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മന്ധാന 64 പന്തിൽ 14 ഫോറും 7 സിക്സും സഹിതം 124 റൺസെടുത്തു. മൂന്ന് വിക്കറ്റുകൾ നേടിയ ദീപ്തി ശർമ, രണ്ട് വീതം വിക്കറ്റുകളുമായി നന്ദനി ശർമ, ശ്രീചരണി, പ്രേമ റാവത്ത് എന്നിവരുടെ പ്രകടനമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി ഇതോടെ മന്ധാന മാറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുംകൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന ചരിത്ര നേട്ടവും സ്മൃതി സ്വന്തമാക്കി. 18 സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. 17 സെഞ്ച്വറികളുള്ള ഓസീസ് താരം മെഗ് ലാന്നിങ്ങിനെയാണ് സ്മൃതി മറികടന്നത്.



