മുംബൈ: അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മുൻ നായകൻ രോഹിത് ശർമ്മ തുടരാനുള്ള സാധ്യതകൾ ശക്തമാകുന്നു. രോഹിതിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബിസിസിഐ രംഗത്തെത്തിയതോടെ താരത്തിന്റെ ഏകദിന വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങൾക്കും വിരാമമായി.
ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് നേരത്തെ വിരമിച്ചെങ്കിലും രോഹിതിന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചിട്ടില്ലെന്നും താരം ഏകദിനത്തിൽ തുടരുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. ഇന്ത്യൻ ടീമിന്റെ അവലോകന യോഗത്തിന് ശേഷമാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി രോഹിതിന്റെ ഏകദിന കരിയർ അവസാനിച്ചെന്ന നിഗമനത്തിലെത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബോർഡിന്റെ നിലപാട് പുറത്തുവന്നത്. ഇതോടെ അടുത്ത ഏകദിന ലോകകപ്പിൽ രോഹിതിന്റെ സാന്നിധ്യത്തിനുള്ള സാധ്യതകൾ വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ലോർഡ്സിൽ നേടിയ തകർപ്പൻ സെഞ്ചുറിയിലൂടെ താരം വിമർശകർക്ക് മറുപടി നൽകി.
2026ൽ ഒമ്പത് ഏകദിന മത്സരങ്ങളിൽ നിന്ന് 42.11 ശരാശരിയിൽ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയുമടക്കം 379 റൺസാണ് രോഹിത് നേടിയത്. 39 വയസായെങ്കിലും പവർപ്ലേയിൽ രോഹിതിന്റെ ആക്രമണാത്മക ബാറ്റിങ് ഇന്ത്യക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ.
അതേസമയം, യുവതാരം വൈഭവ് സൂര്യവംശിയുടെ ഭാവിയിലും ബിസിസിഐക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് ദേവജിത് സൈകിയ പറഞ്ഞു. അമിത പ്രതീക്ഷകളുടെ സമ്മർദം താരത്തിന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാൻ ബോർഡ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളോളം നീണ്ടുനിൽക്കുന്ന മികച്ച കരിയറാണ് വൈഭവിൽ ബിസിസിഐ പ്രതീക്ഷിക്കുന്നതെന്നും സൈകിയ കൂട്ടിച്ചേർത്തു.












