കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശം തിരുത്തണമെന്ന് മുജാഹിദ് വിദ്യാർഥി സംഘടനയായ ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്‌ലാം പറയുന്നില്ലെന്നും കാന്തപുരം വിഭാഗം പുലർത്തുന്ന സങ്കുചിത നിലപാടുകളുടെ തുടർച്ചയാണ് പ്രസ്താവനയെന്നും അദ്ദേഹം ആരോപിച്ചു.
സംഘടന നേരിടുന്ന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു. ആദ്യ പ്രസംഗത്തിലെ നിലപാട് കാന്തപുരം ഇതുവരെ തിരുത്തിയിട്ടില്ല. നിലപാട് തിരുത്താതെ സ്ത്രീകളെ പരിഗണിക്കുന്നുവെന്ന് പറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾ പുറത്തിറങ്ങരുതെന്ന നിലപാട് ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാമെന്നും എന്നാൽ തിരുത്തേണ്ടത് മുഖ്യമന്ത്രിയല്ല, കാന്തപുരമാണെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു. മുസ്‌ലിം ലീഗ് കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള നിലപാടിനൊപ്പമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നബിദിനാഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശമെന്ന നിലയിൽ കാന്തപുരം പുറത്തിറക്കിയ പ്രസ്താവനയാണ് വിവാദമായത്. അന്യപുരുഷന്മാർക്കിടയിൽ വേദികളിലോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നിരുന്നു.
അതേസമയം, വിവാദ പരാമർശത്തിൽ കോഴിക്കോട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ കാന്തപുരം നിലപാട് വിശദീകരിച്ചേക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകുമെന്നാണ് സൂചന. നേരത്തെ തൃശൂരിൽ നടന്ന സമ്മേളനത്തിൽ കാന്തപുരം നിലപാട് മയപ്പെടുത്തിയിരുന്നു.
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്‌ലാം അത്തരമൊരു നിലപാട് പഠിപ്പിക്കുന്നില്ലെന്നും കാന്തപുരം തൃശൂർ ജില്ലാ മീലാദ് കോൺഫറൻസിൽ പറഞ്ഞിരുന്നു. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകുന്നുവെന്ന ആരോപണം ശരിയല്ലെന്നും പെൺകുട്ടികൾക്കായി പ്രത്യേക മദ്രസകളും സ്കൂളുകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അനാഥരായ പെൺകുട്ടികളെ സംരക്ഷിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു. ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ സൗജന്യമായി നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.












