ബെംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ബന്ദിയാക്കിയ യുവതിയെ പൊലീസ് മോചിപ്പിച്ചു.
ബെംഗളൂരുവിൽ താമസിക്കുന്ന യുവതിയാണ് ക്രൂരമർദനത്തിനിരയായത്. രണ്ടുവർഷം മുൻപ് രേഷ്മയിൽനിന്ന് ഒരു ലക്ഷം രൂപയും നസ്രത്തിൽനിന്ന് 50,000 രൂപയും യുവതി വായ്പയായി വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി പലിശ അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ പ്രതികൾ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ഭീഷണി ഭയന്ന് യുവതി താമസസ്ഥലം മാറ്റുകയും രേഷ്മയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് നസ്രത്ത് യുവതിയെ ഫോണിൽ ബന്ധപ്പെടുകയും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പുതിയ ജോലി ശരിയാക്കി നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇതനുസരിച്ച് നസ്രത്തിന്റെ വീട്ടിലെത്തിയ യുവതിയെ സുഹൈൽ ക്രൂരമായി മർദിച്ചെന്നാണ് പരാതി.
തുടർന്ന് യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. രേഷ്മയും നസ്രത്തും യുവതിക്കൊപ്പം ഓട്ടോയിലുണ്ടായിരുന്നു. സുഹൈലും സെയ്ഫും ഇവർക്കൊപ്പമുണ്ടായിരുന്നു. പിന്നീട് കുമ്പളഗോഡുവിലെ ഒരു വീട്ടിലെത്തിച്ച യുവതിയെ അവിടെ ബന്ദിയാക്കുകയായിരുന്നു.
വീട്ടിൽവെച്ച് യുവതിയെ വിവസ്ത്രയാക്കി മർദിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തെന്നാണ് പരാതി. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവിൽ യുവതിയെ കണ്ടെത്തി മോചിപ്പിക്കുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




