മുംബൈ: ദേശീയ ഗുസ്തി താരവും മഹാരാഷ്ട്ര സ്വദേശിനിയുമായ അശ്വിനി മനോഹർ പോൾ ജീവനൊടുക്കി. മൂന്ന് മക്കളോടൊപ്പമാണ് അശ്വിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ രണ്ട് കുട്ടികൾ മരിച്ചു. ഒരു കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. അഞ്ച് വയസുകാരനായ മകൻ അജിങ്ക്യയും രണ്ടര വയസുകാരിയായ ക്രാന്തിയുമാണ് മരിച്ചത്. മറ്റൊരു കുട്ടിയായ വീരയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ധാരാശിവിലെ സർക്കാർ ആശുപത്രിയിൽ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഭർതൃവീട്ടിൽനിന്നുള്ള മാനസിക പീഡനമാണ് മകൾ ജീവനൊടുക്കാൻ കാരണമെന്ന് അശ്വിനിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
മഹാരാഷ്ട്രയിൽ ‘പെൺപുലി’ എന്നറിയപ്പെട്ടിരുന്ന അശ്വിനി ഗുസ്തിയിൽ ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ നേടിയ താരമായിരുന്നു. ദേശീയ മത്സരങ്ങളിൽ അഞ്ച് സ്വർണവും ആറ് വെള്ളിയും അശ്വിനി നേടിയിട്ടുണ്ട്.




