റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയാണ് രാജ്യത്തിന്റെ തെക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മിതമായത് മുതൽ കനത്ത മഴ വരെ പ്രതീക്ഷിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും മഴ ശക്തമാകാൻ സാധ്യത.
ജാസാൻ, അസീർ, അൽ ബാഹ, മക്കയുടെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നജ്റാൻ, റിയാദിന്റെ തെക്കൻ മേഖലകൾ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അബഹ, ഖമീസ് മുശൈത്ത്, സബ്യ, സമത എന്നിവയുൾപ്പെടെയുള്ള വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കൾ മുതൽ ബുധൻ വരെ അൽ ബാഹ, തായിഫ്, മൈസാൻ മേഖലകളിലും കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്. റിയാദ് പ്രവിശ്യയിലെ വാദി അദ്ദവാസിർ, അൽ സുലൈയിൽ, നജ്റാൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇതേ ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മില്ലീമീറ്ററിലധികം മഴ ലഭിക്കാനുള്ള സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലും താഴ്വരകളിലും മിന്നൽപ്രളയത്തിന് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തീരദേശ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾ രൂപപ്പെടാനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം അടുത്ത ആഴ്ച അവസാനത്തോടെയും തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പൊതുജനങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയും ‘അൻവാ’ ആപ്പിലൂടെയും കാലാവസ്ഥാ മുന്നറിയിപ്പുകൾ തത്സമയം നിരീക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ദുരന്തനിവാരണ സേന പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.



