കോയമ്പത്തൂർ: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച 17കാരനെ തെരുവ് നായ്ക്കൾ ആക്രമിച്ച് ഓടിച്ചതായി റിപ്പോർട്ട്. കോയമ്പത്തൂർ തുടിയല്ലൂരിന് സമീപം റെയിൽവേ ഓവർബ്രിഡ്ജ് സർവീസ് റോഡിൽ വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം.
വഴിയരികിൽ തെരുവ് നായ്ക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തേക്ക് മദ്യലഹരിയിലായിരുന്ന കൗമാരക്കാരൻ എത്തുകയായിരുന്നു. നായ്ക്കളെ അകറ്റാൻ കല്ലെടുത്തെറിഞ്ഞെങ്കിലും അവ മാറിനിന്ന് ഇയാൾക്കെതിരെ കുരയ്ക്കുകയായിരുന്നു. ഇതിനിടെ സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കാൻ കൗമാരക്കാരൻ ശ്രമിച്ചതോടെ അവർ ഭയന്ന് നിലവിളിച്ചു.
നിലവിളി കേട്ടതോടെ നായ്ക്കൾ കൗമാരക്കാരന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇയാളുടെ കാലുകളിൽ കടിച്ച് സ്ത്രീയിൽനിന്ന് അകറ്റാൻ ശ്രമിച്ചതോടെ ഭയന്ന കൗമാരക്കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ നായ്ക്കൾ ഇയാളെ പിന്തുടരുന്നതും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയായ കൗമാരക്കാരനെ പൊലീസ് തിരിച്ചറിഞ്ഞു. സംഭവദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ തെരുവ് നായ്ക്കളുടെ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മനുഷ്യർ പലപ്പോഴും ശല്യമായി കാണുന്ന തെരുവ് നായ്ക്കൾ സ്ത്രീയെ സംരക്ഷിക്കാൻ ഇടപെട്ടുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ പ്രധാനമായും ഉയർന്നത്. മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കേണ്ട സംവിധാനങ്ങളുടെ ചുമതല ഇവിടെ തെരുവ് നായ്ക്കൾ നിർവഹിച്ചുവെന്നും ചിലർ അഭിപ്രായപ്പെട്ടു.




