കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ ദളിത് യുവാവിന് ക്രൂരമായി മർദനമേറ്റതായി പരാതി. കാലടി സ്വദേശി സുജിത്താണ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്പിക്ക് പരാതി നൽകിയത്. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിച്ച തന്നെ രാത്രിയിലും തുടർന്നും ക്രൂരമായി മർദിച്ചെന്നാണ് പരാതിയിലെ ആരോപണം.
ജനനേന്ദ്രിയത്തിൽ പൊലീസ് ബൂട്ടിട്ട് തൊഴിച്ചെന്നും ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിൽ അടിച്ചെന്നും നഗ്‌നനാക്കി മർദിച്ചെന്നും സുജിത്ത് പരാതിയിൽ പറയുന്നു. മർദിച്ച പൊലീസുകാരുടെ പേരുകൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.
സുജിത്തിന്റെ സുഹൃത്തുക്കൾ ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് കൊണ്ടുപോകുന്നതെന്നും പറഞ്ഞാണ് പൊലീസ് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. എന്നാൽ സ്റ്റേഷനിലെത്തിയ ശേഷം സുഹൃത്തുക്കളെക്കുറിച്ച് ഒന്നും ചോദിച്ചില്ലെന്നും തന്റെ പേരും ജാതിയും മാത്രമാണ് രേഖപ്പെടുത്തിയതെന്നും സുജിത്ത് പറയുന്നു.
സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 12.30ഓടെ സ്റ്റേഷനിലെത്തിച്ച തന്നെ പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടുമണി വരെ മർദിച്ചെന്നാണ് സുജിത്തിന്റെ ആരോപണം. കാലുകൾ അകത്തി നിർത്തി ജനനേന്ദ്രിയത്തിൽ ബൂട്ടിട്ട് തൊഴിക്കുകയും ലാത്തികൊണ്ട് മർദിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
താൻ ടാക്‌സി ഡ്രൈവറാണെന്നും വാഹനമോടിക്കുന്നതിനിടെ ഉണ്ടാകുന്ന പെറ്റിക്കേസുകൾ പോലും തന്റെ പേരിലില്ലെന്നും സുജിത്ത് വ്യക്തമാക്കി. അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ളവർ ഇടപെട്ടതിനെ തുടർന്നാണ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചതെന്നാണ് വിവരം.
സുജിത്തിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. സ്റ്റേഷനിൽ നിന്ന് വിട്ടയച്ചതിന് പിന്നാലെ സുജിത്ത് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.




