തൃശൂർ: ഇരിങ്ങാലക്കുട കാട്ടൂരിൽ ലഹരിമരുന്ന് വേട്ട. എടതിരിഞ്ഞി വടക്കുമുറി സ്വദേശി മിഥുന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 20 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മിഥുനെയും ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയെന്നാരോപിക്കുന്ന എടതിരിഞ്ഞി പോത്താനി സ്വദേശി അനന്തകൃഷ്ണനെയും (25) കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയ്ക്ക് പുറമെ ഇലക്ട്രോണിക് ത്രാസ്, ലഹരിമരുന്ന് ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 56 സിപ് ലോക്ക് കവറുകൾ, വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ചതെന്ന് സംശയിക്കുന്ന 1,36,700 രൂപ എന്നിവയും പൊലീസ് കണ്ടെടുത്തു.
അറസ്റ്റിലായ ഇരുവരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കിലോ കഞ്ചാവുമായി പിടിയിലായ കേസിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും മിഥുൻ പ്രതിയാണ്.
കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായി മോഷണം, സ്ഫോടകവസ്തു നിയമം, അടിപിടി, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യൽ തുടങ്ങിയ ആറ് കേസുകളിൽ അനന്തകൃഷ്ണനും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോജ് എ, എസ്.ഐ റഫീഖ് പി.കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ജി.എ.എസ്.ഐമാരായ ശ്രീജിത്ത്, മിനി പി.എ, എസ്.സി.പി.ഒ മുസ്തഫ ഷൗക്കർ, ജി.എസ്.സി.പി.ഒമാരായ ധനീഷ്, സിജു, സി.പി.ഒമാരായ സിമി മോഹൻദാസ്, ശരത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




