തിരുവനന്തപുരം: സിബിൽ സ്കോർ തട്ടിപ്പ് കേസിലെ പ്രതികളെയും ബാങ്ക് ഉദ്യോഗസ്ഥരെയും ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നും ബാങ്ക് ശുപാർശ ചെയ്തു. ജന്നി വർഗ്ഗീസ്, സഹോദരൻ ജിനു വർഗ്ഗീസ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉദ്യോഗസ്ഥരായ ഷിബു ജേക്കബ്, ജിബിൻ വർഗ്ഗീസ്, അബിൽ എൻ.എസ്. എന്നിവരെയാണ് ബാങ്കിന്റെ ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
കുറഞ്ഞ സിബിൽ സ്കോറുള്ളവരുടെ ആധാരവും മറ്റ് രേഖകളും കൈക്കലാക്കി അവരുടെ അറിവില്ലാതെ കോടികളുടെ വായ്പ തട്ടിയെടുത്തെന്നാണ് കേസ്. ബാങ്കിൽ നിന്ന് വായ്പ തിരിച്ചടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് പലരും തങ്ങളുടെ പേരിൽ വായ്പ എടുത്തതായി അറിയുന്നത്. 14 വായ്പകളിലായി 72 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ബാങ്കിന്റെ കണ്ടെത്തൽ. ബാങ്കിന്റെ ഫ്രോഡ് മോണിറ്ററിംഗ് ഗ്രൂപ്പാണ് തട്ടിപ്പ് കണ്ടെത്തിയത്.
കേസിൽ സിബിഐ, പൊലീസ് അന്വേഷണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനും എറണാകുളം സോണൽ മാനേജർക്ക് ബാങ്ക് നിർദേശം നൽകി.
സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെയും കുറഞ്ഞ സിബിൽ സ്കോറുള്ളവരെയും ചെറിയ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താണ് സംഘം സമീപിച്ചത്. ഇവരിൽ നിന്ന് രേഖകൾ കൈപ്പറ്റിയ ശേഷം വ്യാജ ഒപ്പുകൾ ഉപയോഗിച്ച് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോടികളുടെ ബിസിനസ് വായ്പകൾ അനുവദിച്ചെന്നാണ് കണ്ടെത്തൽ.


